Covid 19
പുതിയ വാക്സീൻ നയം ഇന്നുമുതൽ; 18ന് മുകളിലുള്ള എല്ലാവർക്കും വാക്സീൻ സൗജന്യം
കേന്ദ്ര സർക്കാരിന്റെ പുതിയ വാക്സീൻ നയം ഇന്ന് മുതൽ. 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഇന്ന് മുതൽ വാക്സീൻ സൗജന്യമായിരിക്കും.
75% വാക്സീൻ കേന്ദ്രം സംഭരിച്ച് സംസ്ഥാനങ്ങൾക്ക് നൽകും. 25% സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് വാങ്ങാം. ഇതുവരെ 45 വയസിന് മുകളിൽ പ്രായമുളവർക്കായിരുന്നു കേന്ദ്രം സൗജന്യമായി വാക്സീൻ നൽകിയിരുന്നത്.
കേന്ദ്രം സംസ്ഥാനങ്ങൾക്ക് സംഭരിച്ചു നൽകുന്ന വാക്സീന്റ അളവ് 50% ൽ നിന്ന് 75% ആക്കി വർധിപ്പിച്ചു. നേരത്തെ 18 മുതൽ 44 വയസ് വരെയുള്ളവർക്കായി സംസ്ഥാനങ്ങൾ ഉയർന്ന വില നൽകി കമ്പനികളിൽ നിന്ന് നേരിട്ടായിരുന്നു വാക്സീൻ വാങ്ങിയിരുന്നത്. ജനസംഖ്യ, രോഗവ്യാപനം, കാര്യക്ഷമമായ വാക്സീൻ വിതരണം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങൾക്കുള്ള വാക്സീൻ ക്വാട്ട നിശ്ചയിക്കുക.
സംസ്ഥാനങ്ങൾക്ക് മുൻഗണന ക്രമം നിശ്ചയിച്ച് വിതരണം ചെയ്യാം. 25 ശതമാനം വാക്സിൻ സ്വകാര്യ ആശുപത്രികൾക്ക് വാങ്ങാം. കോവിഷീൽഡിന് 780 രൂപയും കോവാക്സിന് 1,410 രൂപയും സ്പുട്നിക് ഫൈവിന് 1,145 രൂപയുമാണ് സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാനാവുക. സ്വകാര്യ ആശുപത്രികളിലെ വാക്സിൻ വിതരണം നിരീക്ഷിച്ച് സംസ്ഥാന സർക്കാരുകൾ തുല്യത ഉറപ്പാക്കുകയും അനധികൃത സംഭരണം ഇല്ലാതാക്കുകയും വേണം.