ദേശീയം
സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിനെതിരേ പോക്‌സോ കേസ്
പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ട സ്വയം പ്രഖ്യാപിത ആൾദൈവം ശിവശങ്കർ ബാബയ്ക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.
അന്വേഷണം സി.ബി.സി.ഐ.ഡി. ഏറ്റെടുത്തതിന് പിന്നാലെയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കങ്ങൾ നടക്കുന്നത്. അതേസമയം, ശിവശങ്കർ ബാബ ഹൃദയാഘാതത്തെ തുടർന്ന് ദെഹ്റാദൂണിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ വാദം. ഇതേത്തുടർന്ന് സി.ബി.സി.ഐ.ഡി. സംഘം ദെഹ്റാദൂണിലേക്ക് പുറപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ചെന്നൈ കേളമ്പാക്കത്തെ സുശീൽഹരി ഇന്റർനാഷണൽ സ്കൂൾ ഉടമയും സ്വയംപ്രഖ്യാപിത ആൾദൈവവുമായ ശിവശങ്കർ ബാബയ്ക്കെതിരേ മൂന്ന് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദ്യാർഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തി, മദ്യം നൽകി, അശ്ലീലചിത്രങ്ങൾ കാണിച്ചു തുടങ്ങിയവയാണ് ബാബയ്ക്കെതിരേയുള്ള പരാതി.
നേരത്തെ ചെന്നൈയിലെ സ്കൂൾ അധ്യാപകരുടെ പീഡനത്തെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായ വെളിപ്പെടുത്തലുകളുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ശിവശങ്കർ ബാബയ്ക്കെതിരേയും വിദ്യാർഥിനികളുടെ പരാതികളുയർന്നത്. പരാതി നൽകിയ വിദ്യാർഥിനികളിൽ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരുമാണ്.
2001-ൽ സ്ഥാപിതമായ സ്കൂളിൽ വെല്ലൂർ സ്വദേശിയായ ബാബ തമിഴാണ് പഠിപ്പിച്ചിരുന്നത്. ഈ സമയത്ത് ഒട്ടേറെ വിദ്യാർഥികളെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് ആരോപണം. പെൺകുട്ടികളെ തന്റെ ബംഗ്ലാവിലേക്ക് വിളിച്ചുവരുത്തുന്ന ബാബ, വസ്ത്രങ്ങളഴിച്ച് നഗ്നരായി നിൽക്കാൻ ആവശ്യപ്പെടുമായിരുന്നു എന്നാണ് പരാതിക്കാരിയായ ഒരു വിദ്യാർഥിനി പോലീസിനോട് പറഞ്ഞത്. താൻ കൃഷ്ണനും പെൺകുട്ടികൾ ഗോപികമാരാണെന്നും പറഞ്ഞായിരുന്നു വിദ്യാർഥിനികളെ ചൂഷണം ചെയ്തിരുന്നത്.
ബാബയ്ക്കെതിരേ വ്യാപകമായി ലൈംഗികാരോപണങ്ങൾ ഉയർന്നതോടെ ചൈൽഡ് വെൽഫയർ കമ്മിറ്റി ഇയാളോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശിവശങ്കർ ബാബ ദെഹ്റാദൂണിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് ഇയാളുടെ അനുയായികൾ കമ്മിറ്റിയെ അറിയിച്ചത്. ഇതിനിടെയാണ് മൂന്ന് പെൺകുട്ടികളുടെ പരാതിയിൽ പോലീസ് ബാബയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം സി.ബി.സി.ഐ.ഡി. ഏറ്റെടുത്തതോടെ ലൈംഗികാതിക്രമത്തിന് ഇരയായ 13 പേരിൽനിന്ന് അന്വേഷണസംഘം വിശദമായ മൊഴി രേഖപ്പെടുത്തും.