ദേശീയം
കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ മുട്ടുമടക്കി ട്വിറ്റര്‍: പുതിയ ഡിജിറ്റല്‍ നയം നടപ്പിലാക്കും
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഡിജിറ്റല്‍ നയം നടപ്പിലാക്കുന്നുവെന്ന് വ്യക്തമാക്കി ട്വിറ്റര്‍. ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ നല്‍കിയ അവസാന സമയവും കഴിഞ്ഞതോടെ നിലപാടില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ഉറച്ചുനിന്നതോടെയാണ് ട്വിറ്റര്‍ അയഞ്ഞത്. ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചുവെന്നും ചീഫ് കംപ്ലയന്‍സ് ഓഫിസറെ വൈകാതെ തന്നെ നിയമിക്കുമെന്നും കേന്ദ്ര സര്‍ക്കാരിനയച്ച കത്തില്‍ ട്വിറ്റര്‍ വ്യക്തമാക്കി.
കൊവിഡ് വ്യാപനം കാരണമാണ് നിയമനങ്ങള്‍ വൈകുന്നതെന്നും ട്വിറ്റര്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ സമയത്ത് നടപ്പിലാക്കാന്‍ നിലവിലെ സാഹചര്യങ്ങള്‍ കാരണം സാധിക്കുന്നില്ലെന്നും ട്വിറ്റര്‍ കത്തില്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ ഐടി നിയമങ്ങൾ പാലിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ രംഗത്ത് എത്തിയിരുന്നു. ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും എന്നാൽ ഇന്ത്യയിലെ പകർച്ചവ്യാധിയുടെ സാഹചര്യത്തില്‍ കൂടുതൽ സമയം ആവശ്യമാണെന്നും ട്വിറ്റര്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
‘ഐടി നിയമങ്ങൾ പാലിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ട്വിറ്റർ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്.
നിയമങ്ങൾ പാലിക്കാനുള്ള സന്നദ്ധത അവര്‍ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെ കോവിഡ് സാഹചര്യത്തില്‍ നിയമനം നടത്താന്‍ കഴിയുന്നില്ല’- ചില സോഴ്സുകളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ നിയമങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച കേന്ദ്ര സർക്കാറിന്‍റെ ഭാഗത്ത് നിന്നും ശക്തമായ മുന്നറിയിപ്പ് ട്വിറ്ററിന് കിട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി ട്വിറ്റര്‍ രംഗത്ത് എത്തിയത്.
ട്വിറ്റർ ഇന്ത്യയോട് അങ്ങേയറ്റം പ്രതിബദ്ധത പുലർത്തുന്നുണ്ടെന്നാണ് ട്വിറ്ററിന്‍റെ ഒരു വക്താവ് വ്യക്തമാക്കിയത് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ ട്വിറ്റർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഞങ്ങൾ ഇന്ത്യാ സർക്കാരിന് ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിന്‍റെ പുരോഗതിയെക്കുറിച്ചുള്ള ഒരു അവലോകനം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട് ഇന്ത്യൻ സർക്കാരുമായി ക്രിയാത്മക സംഭാഷണം ഞങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.