ദേശീയം
18 വയസുമുതലുള്ളവർക്ക് കേന്ദ്രം തന്നെ വാക്സിൻ നൽകും; വാക്സിൻ നയത്തിൽ മാറ്റം വരുത്താൻ സാധ്യത
വാക്സിൻ സംഭരണത്തിലും വിതരണത്തിലും നിലവിലുള്ള നയം മാറ്റാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. സംഭരണത്തിലേയും വിതരണത്തിലേയും അപാകതകൾ ചൂണ്ടിക്കാട്ടി കേരളമടക്കമുള്ള സംസ്ഥാനങ്ങൾ രംഗത്തെത്തിയിരുന്നു. സംസ്ഥാനങ്ങൾക്ക് നേരിട്ട് വിദേശത്ത് നിന്നും വാക്സിൻ വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി നൽകിയെങ്കിലും വാക്സിൻ്റെ വിലയും സംഭരണവും സംബന്ധിച്ച് സംസ്ഥാനങ്ങൾ പരാതി ഉന്നയിച്ചിരുന്നു.
ഇതോടൊപ്പം സുപ്രീംകോടതിയിൽ നിന്നും ചില വിമർശനങ്ങൾ കേന്ദ്രസർക്കാർ നേരിടേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് വാക്സിൻ നയത്തിൽ വീണ്ടും മാറ്റം വരുത്താൻ കേന്ദ്രം ആലോചിക്കുന്നത്. ജനുവരി 16-ന് ആരംഭിച്ച ആദ്യ ഘട്ടത്തിൽ ആദ്യം കൊവിഡ് മുൻഗണനാ പോരാളികൾക്കും പിന്നെ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും അടുത്ത ഘട്ടത്തിൽ 45 വയസിന് മുകളിൽ പ്രായമുള്ളവർക്കും കേന്ദ്രം നേരിട്ട് സംസ്ഥാനങ്ങൾ വാക്സിൻ എത്തിച്ചു നൽകിയിരുന്നു.
പിന്നീട് 18-44 പ്രായവിഭാഗത്തിലുള്ളവരുടെ വാക്സിനേഷൻ തുടങ്ങിയപ്പോൾ പകുതി വാക്സിൻ കേന്ദ്രം നൽകുമെന്നും ബാക്കി പകുതി സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും ചേർന്ന് സംഭരിക്കണമെന്നായിരുന്നു കേന്ദ്രത്തിൻ്റെ നയം.
എന്നാൽ സ്വകാര്യ കമ്പനികൾക്കും സംസ്ഥാനങ്ങൾക്കും ആവശ്യമായത്ര വാക്സിൻ നൽകാൻ നിർമ്മാണകമ്പനികൾക്ക് സാധിക്കാത്ത അവസ്ഥ വന്നു. ആഴ്ചകളോളം യുവാക്കളുടെ വാക്സിനേഷൻ മുടങ്ങുകയും ചെയ്തു. സംസ്ഥാനങ്ങൾ വാക്സിന് വേണ്ടി മത്സരിക്കുന്ന അവസ്ഥയുണ്ടെന്ന് സുപ്രീംകോടതിയും വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വാക്സിൻ നയത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.