ദേശീയം
ലോക്ക് ഡൗണിൽ ‘ഗോ കൊറോണ ഗോ’ വെബ് ഗെയിമുണ്ടാക്കി 14കാരന്‍
കോവിഡ് 19 അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പുതിയ വെബ് ഗെയിം സൃഷ്ടിച്ച് 14 കാരന്‍. ബംഗളുരു സ്വദേശിയായ അഭിനവ് രഞ്ജിത് ദാസാണ് ‘ഗോ കൊറോണ ഗോ എന്ന പേരില്‍’ പുറത്തിറക്കിയിരിക്കുന്ന ഗെയിമിന്റെ ബുദ്ധികേന്ദ്രം.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ബോറടിക്കുന്നു എന്നു പലരും പരിതപിക്കുമ്പോഴാണ് ഈ കൗമാരക്കാരന്‍ അടച്ചുപൂട്ടല്‍ സമയം ഇത്തരത്തില്‍ പ്രയോജനകരമാക്കിയത്. വൈറ്റ് ഹാറ്റ് ജൂനിയര്‍ വിദ്യാര്‍ത്ഥിയും കോഡിംഗ് പ്രേമിയുമായ അഭിനവ് നിര്‍മിച്ച ഗെയിമില്‍ മൂന്ന് ലെവലുകളാണുള്ളത്.
ആകര്‍ഷണീയമായ അനിമേഷനുകളും ടാസ്‌കുകളും ലൈവ് മ്യൂസികും കൊണ്ട് കളിക്കാരെ പിടിച്ചിരുത്തുന്നതിനൊപ്പം കോവിഡ് വ്യാപനം ചെറുക്കുന്നതിനുള്ള അവബോധവും ഗെയിമിലൂടെ അവരിലേക്ക് എത്തിക്കുന്നു. മാസ്‌ക് ധരിക്കല്‍, ശരിയായി സാനിറ്റൈസര്‍ ഉപയോഗിക്കുന്ന വിധം, വാക്‌സിനേഷന്‍ എന്നിവയെ കുറിച്ചാണ് പ്രധാനമായും ഗെയിമില്‍ പ്രതിപാദിച്ചിരിക്കുന്നത്.
ഗെയിമിന്റെ അവസാനത്തേതും മൂന്നാമത്തേതുമായ ലെവലില്‍ കളിച്ച് ജയിക്കുന്ന ആളിന് പാരിതോഷികമായ വാക്‌സിന്‍ ലഭിക്കുന്ന വിധത്തിലാണ് ഗെയിം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ചെറുപ്പം മുതല്‍ കോഡിംഗ് ഇഷ്ടമായിരുന്ന അഭിനവ് തന്റെ ഗെയിം സൃഷ്ടിക്കല്‍ തുടരാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിലവില്‍ മറ്റ് രണ്ട് ഗെയിം കൂടി നിര്‍മിക്കാനുള്ള പണിപ്പുരയിലാണിപ്പോള്‍.