ദേശീയം
ആഭ്യന്തര നിരക്ക് വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും
ആഭ്യന്തര വിമാനയാത്രാ നിരക്ക് വർദ്ധിപ്പിച്ചു. രാജ്യത്തിനകത്തെ വിമാനയാത്രയ്ക്കുള്ള കുറഞ്ഞ നിരക്കിൽ 13 മുതൽ 19 ശതമാനത്തോളം വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ജൂൺ ഒന്ന് മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. 40 മിനിറ്റ് വരെ ദൈർഘ്യമുള്ള ആഭ്യന്തര വിമാന യാത്രകളുടെ ടിക്കറ്റ് നിരക്ക് 2,300ൽ നിന്ന് 2,600ആയി ഉയർത്തിയിട്ടുണ്ട്.
നിലവിലെ ടിക്കറ്റ് നിരക്കിനേക്കാൾ 13 ശതമാനം കൂടുതലാണ് ഇത്. 40 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ദൈർഘ്യമുള്ള യാത്രകൾക്ക് 3,300 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. നേരത്തെ ഇത് 2,900രൂപയായിരുന്നു.
ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ ദൈർഘ്യമുള്ള യാത്രകൾക്ക് 4,000 രൂപ, ഒന്നര മണിക്കൂർ മുതൽ രണ്ട് മണിക്കൂർ വരെ 4,700 രൂപ, രണ്ടര മണിക്കൂർ മുതൽ മൂന്ന് മണിക്കൂർ വരെ 6,100 രൂപ, മൂന്ന് മണിക്കൂർ മുതൽ മൂന്നര മണിക്കൂർ വരെ 7,400രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്.
പുതിയ നിരക്ക് പ്രകാരം ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനയാത്രയ്ക്ക് നിലവിലെ ടിക്കറ്റ് നിരക്കിനേക്കാൾ 700 രൂപയോളം അധികം നൽകേണ്ടിവരും. കോവിഡ് വ്യാപനത്തേതുടർന്നുള്ള നിയന്ത്രണങ്ങളും വിമാന യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവുമാണ് ടിക്കറ്റ് നിരക്ക് കൂട്ടാൻ കാരണം.