ദേശീയം
യാസ് അതീതീവ്രചുഴലിക്കാറ്റായി; ബംഗാൾ, ഒഡീഷ തീരങ്ങളിൽ ഒഴിപ്പിക്കല്‍ തുടരുന്നു
യാസ് ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നതിനിടെ അപകട സാധ്യതയേറിയ പ്രദേശങ്ങളില്‍നിന്ന് 10 ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചു.ഒന്‍പത് ലക്ഷം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കഴിഞ്ഞുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. തീരദേശ ജില്ലകളിലെ രണ്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചുവെന്ന് ഒഡീഷ സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റ് കരതൊടുന്നതിന് ആറ് മണിക്കൂര്‍ മുൻപും പിൻപും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കാനാണ് സാധ്യതയുള്ളത്. ചന്ദ്ബാലിയില്‍ വന്‍ നാശനഷ്ടത്തിന് സാധ്യതയുള്ളത് .
യാസ് ചുഴലിക്കാറ്റ് അതിതീവ്രമായതിന് പിന്നാലെ ഇന്ത്യയുടെ കിഴക്കന്‍ തീരം അതീവ ജാഗ്രതയിലാണ്. പശ്ചിമബംഗാൾ, ഒഡീഷ തീരങ്ങളിൽ ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇരുസംസ്ഥാനങ്ങളിലെയും ഏട്ട് ജില്ലകളെ ചുഴലിക്കാറ്റ് തീവ്രമായി ബാധിക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ഡയറക്ടർ ജനറൽ ഡോ. മൃത്യഞ്ജയ മഹോപാത്ര പറഞ്ഞു. അതിതീവ്രതയിലേക്ക് യാസ് മാറുന്നത് മുന്നിൽ കണ്ട് തീരങ്ങളിൽ ഒഴിപ്പിക്കൽ ദ്രുതഗതിയിലാണ്.
ഒഡീഷയിലെ ചാന്ദിപ്പൂർ, ബാലസോർ മേഖലയിൽ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് തുടരുകയാണ്. ജില്ലാ മജിസ്ട്രേറ്റുമാർ നേരിട്ടാണ് ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നൽകുന്നത്. പശ്ചിമബംഗാളിൽ വടക്കൻ ജില്ലകളിലും ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുകയാണ്. പശ്ചിമബംഗാളിൽ 10 ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് സർക്കാർ കണക്കുകൾ.
ഇവിടേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ 10 സംഘത്തെ അധികമായി നിയോഗിച്ചു. നാളെ വൈകുന്നേരം യാസ് ചുഴലിക്കാറ്റ് 185 കിലോമീറ്റർ വേഗത്തിൽ കരതൊടുമെന്നാണ് പ്രവചനം. അടിയന്തരസാഹചര്യം നേരിടാൻ കര, നാവിക വ്യോമസേനകളും കോസ്റ്റ് ഗാർഡും സംയുക്തമായി രംഗത്തുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദ്ദേശം നൽകിയെന്ന് നാവിക സേന അറിയിച്ചു.