ദേശീയം
‘ടൗട്ടെ’ ചുഴലിക്കാറ്റ്…; മുംബൈ തീരത്ത് മുങ്ങിയ ബാർജിൽ 28 മലയാളികൾ, 89 പേർക്കായി തെരച്ചിൽ തുടരുന്നു
‘ടൗട്ടെ’ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ മുങ്ങിപ്പോയ പി – 305 എന്ന ബാർജിലുണ്ടായിരുന്ന 184 പേരെ ഇത് വരെ രക്ഷിച്ചതായി നാവികസേന അറിയിച്ചു. ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നീ കപ്പലുകൾ രക്ഷപ്പെടുത്തിയവരെയും കൊണ്ട് തീരത്തേക്ക് വരികയാണെന്നും നാവികസേന ഔദ്യോഗികമായി ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
ഐഎൻഎസ് തേജ്, ഐഎൻസ് ബെത്‍വ, ഐഎൻഎസ് ബീസ് എന്നീ കപ്പലുകളും പി 8I, സീകിങ് ഹെലോസ് എന്നിവയും ചേർന്ന് കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. 273 പേരാണ് പി-305 എന്ന ബാർജിലുണ്ടായിരുന്നത് എന്നാണ് കണക്കുകൾ. ഇതിൽ 184 പേരെ രക്ഷപ്പെടുത്തി. ബാക്കി 89 പേർക്കായി തെരച്ചിൽ തുടരുകയാണ്. ഗാൽ കൺസ്ട്രക്ടർ എന്ന മറ്റൊരു ബാർജിലുണ്ടായിരുന്ന 137 പേരെയും നാവികസേന രക്ഷപ്പെടുത്തിയിട്ടുണ്ട്.
ബാർജിൽ ആകെയുണ്ടായിരുന്നത് 28 മലയാളികളാണെന്ന് ഞങ്ങളുടെ മുംബൈ ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ഇതിലെത്ര പേരെ രക്ഷപ്പെടുത്തി എന്നതടക്കമുള്ള കണക്കുകൾ ഇനിയും ലഭ്യമാകേണ്ടതുണ്ട്.
ഇന്നലെയാണ് മുംബൈ ഓഫ്‍ഷോർ ഡെവലെപ്മെന്‍റ് ഏരിയയിൽ മുംബൈ തീരത്ത് നിന്ന് 35 നോട്ടിക്കൽ മൈൽ അകലെയുണ്ടായിരുന്ന, ഒഎൻജിസിയ്ക്കായി പ്രവർത്തിക്കുന്ന, പി – 305 എന്ന ബാർജ് കനത്ത കടൽക്ഷോഭത്തിൽ മുങ്ങിയത്.
ചുഴലിക്കാറ്റിനോടൊപ്പം 4 മീറ്ററിലധികം ഉയർന്ന തിരകളും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഓയിൽ റിഗുകളിലൊന്നിൽ കുടുങ്ങിയ 101 പേരെയും താമസ സൗകര്യം ഒരുക്കാനുള്ള ബാർജുകളിലൊന്നിൽ കുടുങ്ങിയ 196 പേരെയും കരയിലേക്കെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്.