ദേശീയം
കൊവിഡ്: ഏപ്രിലില്‍ രാജ്യത്ത് തൊഴില്‍ നഷ്ടമായത് 75 ലക്ഷംപേര്‍ക്ക്
ഏപ്രിലില്‍ രാജ്യത്ത് തൊഴില്‍ നഷ്ടമായത് 75 ലക്ഷം പേര്‍ക്കെന്ന് റിപ്പോർട്ട്. സെന്‍റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കണോമി (സിഎംഐഇ) ആണ് ഇക്കാര്യം അറിയിച്ചത്. തൊഴില്‍ മേഖലയിലെ സ്ഥിതി ഇനിയും മോശമാകുമെന്നും സിഎംഐഇ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ മഹേഷ് വ്യാസ് പറഞ്ഞു.
ദേശീയ തൊഴിലില്ലായ്മ നിരക്ക് 7.97 ശതമാനത്തിലെത്തി. കേന്ദ്രത്തിന്റെ കണക്കനുസരിച്ച് നഗരപ്രദേശങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് 9.78 ശതമാനവും ഗ്രാങ്ങളില്‍ 7.13 ശതമാനവുമാണ്.
മാര്‍ച്ചില്‍ ദേശീയ തൊഴിലില്ലായ്മ നിരക്ക് 6.50 ശതമാനമായിരുന്നു.
കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് രാജ്യത്തുടനീളം ലോക്ക്ഡൗണുകള്‍ പ്രഖ്യാപിച്ചത് തൊഴില്‍ നഷ്ടപ്പെടുന്നതിന്റെ ആക്കം കൂട്ടിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ തൊഴിലില്ലായ്മ ഉയര്‍ന്ന തോതില്‍ തുടരാനാണ് സാധ്യതയെന്ന് മഹേഷ് വ്യാസ് പറയുന്നു.
തൊഴില്‍ സേനയുടെ പങ്കാളിത്ത നിരക്കും കുറയാന്‍ സാധ്യതയുണ്ട്. ‘ഏറ്റവും മോശം അവസ്ഥയില്‍, രണ്ടും സംഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യ ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 24 ശതമാനം വരെ ഉയര്‍ന്നിരുന്നു.