കേരളം
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
![WhatsApp Image 2021 04 30 at 7.11.32 PM](https://citizenkerala.com/wp-content/uploads/2021/04/WhatsApp-Image-2021-04-30-at-7.11.32-PM.jpeg)
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിനടുത്ത് ശ്രീവത്സത്തിൽ സതീശൻ നായർ (60) ആണ് ഭാര്യ ഷീജയെ (48) വെട്ടി കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സതീശൻ നായരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷീജ മെഡിക്കൽ കോളേജിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്.
ആത്മഹത്യയ്ക്ക് ശ്രമിച്ച സതീശൻ നായർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്തു. ഇന്ന് രാവിലെ 10.30നാണ് സംഭവം നടന്നത്. ഇവർക്ക് രണ്ട് മക്കളാണ് ഉള്ളത്. സംഭവസമയത്ത് ഇരുവരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മക്കൾ രണ്ടുപേരും ഓൺലൈൻ ക്ലാസിനായി രാവിലെ ബന്ധുവീട്ടിലേക്ക് പോയിരിക്കുകയായിരുന്നു.
സതീശൻനായും ഷീജയും തമ്മിൽ സ്ഥിരമായി വഴക്ക് ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇന്നലെ വൈകുന്നേരം വഴക്ക് കുടിയ സമയത്ത് ഷീജയുടെ താലിമാല സതീശൻ നായർ പൊട്ടിച്ചിരുന്നു. തുടർന്ന് വിവരം ഷീജ തന്റെ വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിന് ശേഷം ഷീജ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നാണ് വിവരം.ഇതോടെ ഷീജയുടെ വീട്ടുകാർ വിവരം നെടുമങ്ങാട് പോലീസിൽ അറിയിച്ചു. പോലീസ് എത്തി ഇന്ന് രാവിലെ 10 മണിക്ക് സ്റ്റേഷനിൽ ചെല്ലാൻ സതീശൻ നായരോട് ആവശ്യപ്പെട്ടിരുന്നു.
രാവിലെ കുട്ടികൾ ഓൺലൈൻ പഠനത്തിന് പോയ സമയത്താണ് വീണ്ടും വഴക്കുണ്ടാകുകയും കൊലപാതകം നടക്കുകയും ചെയ്തത്. ഇവരുടെ മകൻ ഉച്ചയ്ക്ക് എത്തിയപ്പോൾ മുൻവശത്തെ വാതിൽ പൂട്ടി കിടക്കുന്ന നിലയിലായിരുന്നു. അടുക്കള വശത്തെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ഷീജയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്.