കേരളം
റെംഡെസിവിർ വീടുകളിൽവച്ച് ഉപയോഗിക്കരുത്; ഹോം ഐസൊലേഷന് പുതിയ മാർഗരേഖ
കൊവിഡ് ചികിൽസയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിർ വീടുകളിൽവച്ച് ഉപയോഗിക്കരുതെന്നും ആശുപത്രികളിൽവച്ച് മാത്രമേ മരുന്ന് സ്വീകരിക്കാവൂവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. ലക്ഷണങ്ങളില്ലാത്തതോ, നേരിയ ലക്ഷണങ്ങൾ മാത്രമുള്ളതോ ആയ രോഗികളുടെ ഹോം ഐസൊലേഷന് പുതിയ മാർഗനിർദ്ദേശം പുറത്തിറക്കി.
വീട്ടിൽ സ്വയംനിരീക്ഷണത്തിൽ കഴിയുന്ന രോഗികൾ ട്രിപ്പിൾ ലെയർ മെഡിക്കൽ മാസ്ക് ഉപയോഗിക്കണം. 8 മണിക്കൂർ ഇടവേളകളിൽ മാസ്ക് മാറ്റണം. വീട്ടിലെ മറ്റ് അംഗങ്ങളുമായി സമ്പർക്കം പാടില്ല. ചികിത്സ സഹായി എത്തുമ്പോൾ രോഗിയും സഹായിയും എൻ 95 മാസ്ക് ധരിക്കണം. സോഡിയം ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച് അണുനശീകരണം നടത്തിയശേഷമേ മാസ്കുകൾ കളയാവൂ. ഓക്സിജൻ സാച്യുറേഷനും ശരീരോഷ്മാവും നിരീക്ഷിക്കണം.
പാരസെറ്റമോൾ 650mg നാലു നേരം കഴിച്ചശേഷവും പനിയുണ്ടെങ്കിൽ ഡോക്ടറെ കാണണം. ശ്വാസതടസമോ, ശക്തമായ ചുമയോ ഉണ്ടെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ തേടണം. നിരന്തരം കൈ കഴുകുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. ലക്ഷണങ്ങളില്ലാത്ത രോഗികൾക്ക് 10 ദിവസത്തിന് ശേഷം ഹോം ഐസൊലേഷൻ അവസാനിപ്പിക്കാം. കൊവിഡ് പരിശോധന ആവശ്യമില്ല.