കേരളം
കൊവിഡ് വ്യാപനം; സിബിഎസ്.ഇ, പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്‌ക്കാനും തീരുമാനിച്ചു. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ സെക്രട്ടറി, സി ബി എസ് ഇ ഉദ്യോഗസ്ഥര്‍ എന്നിവരുമായാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്.
അടുത്ത മാസം മൂന്നിനാണ് സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ നിശ്ചയിച്ചിരുന്നത്.കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പരീക്ഷ മാറ്റണമെന്ന് ഡല്‍ഹി അടക്കമുളള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അടക്കമുളളവരും ഇക്കാര്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരും സി ബി എസ് ഇയും തമ്മില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. പരീക്ഷകള്‍ റദ്ദാക്കില്ലെന്നും, തീയതി മാറ്റിയേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞിരുന്നതെങ്കിലും പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.
രാജ്യത്ത് ഏറ്റവും വലിയ പ്രതിദിന വർദ്ധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം വ്യാപകമായി ഉയർന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി നിരവധി നേതാക്കളും വിവിധ സംസ്ഥാനങ്ങളും പലതവണ ഈ ആവശ്യവുമായി രംഗത്തുവന്നിരുന്നു.