ദേശീയം
ഡല്‍ഹിയില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം; ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു
ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം. ഇതു സംബന്ധിച്ച നാഷണല്‍ കാപ്പിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി-ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയുടേയും പാര്‍ലമെന്റില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും കടുത്ത എതിര്‍പ്പിനിടെയാണ് പുതിയ നിയമം പാസാക്കിയത്.
ബുധനാഴ്ചയാണ് രാജ്യസഭ ബില്ല് പാസ്സാക്കിയത്. ഇതിനെതുടര്‍ന്ന് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. കെജ്രിവാള്‍ സര്‍ക്കാരിന് കടുത്ത തിരിച്ചടിയാണ് ഡല്‍ഹി ബില്‍.
ഡല്‍ഹി സര്‍ക്കാരിന്റെ എല്ലാ നടപടികളും പദ്ധതികളും ലെഫ്.ഗവര്‍ണറുമായി കൂടിയാലോചിക്കാതെയോ അനുമതി വാങ്ങാതെയോ ചെയ്യാനാവില്ല എന്നിങ്ങനെ സുപ്രധാന ഭേദഗതികള്‍ ചേരുന്നതാണ് പുതിയ ബില്‍. സംസ്ഥാന സര്‍ക്കാരിനുള്ള പ്രധാന അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെതിരേ പ്രതിഷേധത്തിലായിരുന്നു ഭരണകക്ഷിയായ എഎപി.
ഡല്‍ഹി സര്‍ക്കാരിന്റെ ജനപ്രീതി ഭയന്നാണ് കേന്ദ്രം ഇത്തരമൊരു ബില്ല് കൊണ്ടു വന്നതെന്നായിരുന്നു എ.എ.പിയുടെ വാദം. ബില്ലിനെതിരെ നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു. ബില്ല് ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു.