ദേശീയം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് ശേഷം ബംഗ്ലദേശില്‍ പരക്കെ ആക്രമണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലദേശ് സന്ദര്‍ശനത്തിന് ശേഷം ആക്രമണം വ്യാപിച്ചെന്ന് റിപ്പോര്‍ട്ട്. തീവ്ര ഇസ്ലാമിക സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഇസ്ലാമിക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള സംഘട്ടനത്തില്‍ 10 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു.
പ്രതിഷേധക്കാരുടെ മരണത്തെ തുടര്‍ന്ന് മോദിയുടെ സന്ദര്‍ശന ശേഷം ആക്രമണം രൂക്ഷമായി. ബംഗ്ലദേശിന്റെ സ്വാതന്ത്ര്യത്തിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി വെള്ളിയാഴ്ച ധാക്കയിലെത്തിയത്.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 1.2 ദശലക്ഷം കൊവിഡ് വാക്‌സിന്‍ സമ്മാനിച്ചതിന് ശേഷം ശനിയാഴ്ച അദ്ദേഹം പുറപ്പെട്ടു. മോദിയുടെ ഭരണത്തില്‍ ന്യൂനപക്ഷ മുസ്ലീങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശന വേളയില്‍ ഇസ്ലാമിക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
വെള്ളിയാഴ്ച നൂറു കണക്കിന് പ്രതിഷേധക്കാര്‍ക്ക് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റിരുന്നു. കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റും പൊലീസ് പ്രയോഗിച്ചു. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ശനിയാഴ്ച ചിറ്റഗോംഗിലെയും ധാക്കയിലെയും തെരുവുകളില്‍ മാര്‍ച്ച് നടത്തി.