ദേശീയം
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 25 കോടി രൂപ കൈപ്പറ്റി; ആരോപണവുമായി കമല്‍ ഹാസന്‍
തന്റെ രാഷ്ട്രീയ പ്രവേശനത്തെ സി പി എമ്മും സീതാറാം യെച്ചൂരിയും വില കുറച്ചുകണ്ടെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. സി പി എം പരസ്യമായി കോടികള്‍ വാങ്ങിയാണ് തമിഴ്‌നാട്ടില്‍ ഡി എം കെ മുന്നണിയില്‍ ചേര്‍ന്നതെന്നും സഖാക്കളുടെ അധഃപതനത്തില്‍ ഖേദിക്കുന്നുവെന്നും കമല്‍ ഹാസന്‍ ആരോപിച്ചു.
ഡി എം കെയില്‍ നിന്ന് തമിഴ്‌നാട്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 25 കോടി രൂപ കൈപ്പറ്റിയെന്നും കമല്‍ വെളിപ്പെടുത്തി.’ലളിതജീവിതം ആഗ്രഹിക്കുന്ന സഖാക്കളുടെ അധഃപതനത്തില്‍ ഖേദിക്കുകയാണ്. നിരവധി ഇടത് പാര്‍ട്ടികളുമായി താന്‍ ചര്‍ച്ചകള്‍ക്ക് ശ്രമിച്ചിരുന്നു. സഖ്യത്തിനായി രണ്ടോ മൂന്നോ പ്രാവശ്യം യെച്ചൂരിയെ വിളിച്ചിരുന്നു.
കേരളത്തിലെ പോലെയല്ല തമിഴ്‌നാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ഇവിടെ പരസ്യമായി കോടികള്‍ വാങ്ങിയാണ് സി പി എം മുന്നണിയില്‍ ചേര്‍ന്നത്. റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കള്‍ ഇങ്ങനെ ആയതില്‍ വിഷമം ഉണ്ട്. ഫണ്ടിംഗ് എന്ന് പറഞ്ഞാലും യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്.ഇസത്തില്‍ മുറുകെ പിടിച്ചാല്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയില്ല.
മിതവാദം കമ്മ്യൂണിസത്തോളം തന്നെ പ്രധാനമാണ്. മക്കള്‍ നീതിമയ്യം ഇല്ലാതെ ഇന്ന് തമിഴ് രാഷ്ട്രീയം ഇല്ല. സീതാറാം യെച്ചൂരിയുടെ മുന്‍വിധിയാണ് സഖ്യം അസാധ്യമാക്കിയത്. തന്റെ രാഷ്ട്രീയ പ്രവേശനത്തെ സീതാറാം യെച്ചൂരി വില കുറച്ച് കണ്ടു എന്നും കമല്‍ഹസ്സന്‍ പറഞ്ഞു