ദേശീയം
അസുഖം ബാധിച്ച കടുവയുടെ മീശ ഏലസിനായി മുറിച്ചെടുത്തു; പരാതിയുമായി വനപാലകന്
ഏലസിനായി അസുഖം ബാധിച്ച കടുവയുടെ മീശ മുറിച്ചെടുത്തെന്ന പരാതിയുമായി വനപാലകന് രംഗത്ത് . രാജസ്ഥാനിലെ സരിസ്ക കടുവാ സങ്കേതത്തിലെ കടുവയുടെ മീശ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം മുറിച്ചെടുത്തെന്നാണ് വനത്തിലെ ഗാര്‍ഡുകളില്‍ ഒരാള്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പറയുന്നത്. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. നിലവില്‍ ചികിത്സയില്‍ ഇരിക്കുന്ന എസ് ടി -6 എന്ന് പേരുള്ള കടുവയുടെ മീശയാണ് ഉദ്യോഗസ്ഥര്‍ മുറിച്ചെടുത്തതെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ടിന് അയച്ച പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ജനുവരിയിലാണ് എസ് ടി -6നെ ചികിത്സയ്ക്കായി കൂടിനുള്ളിലേക്ക് മാറ്റിയത്. ചികിത്സ നല്കുന്നതിനുവേണ്ടി ജനുവരി പത്താം തീയതി കടുവയെ മരുന്നുകള്‍ നല്കി മയക്കിയിരുന്നു. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഫോറസ്റ്റ് കണ്‍സര്‍വേറ്ററായ ആര് എന്‍ മീന, ഫോറസ്റ്റ് റേഞ്ചറായ ജിതേന്ദ്ര ചൗധരി എന്നിവര്‍ കടുവയുടെ മീശ മുറിച്ചെടുക്കാന്‍ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് വനപാലകന്റെ പരാതി. ഏലസ് നിര്മിക്കുന്നതിനായാണ് കടുവയുടെ മീശ മുറിച്ചെടുത്തതെന്നാണ് ആരോപണം.ജിതേന്ദ്ര ചൗധരി മദ്യപിച്ച അവസ്ഥയില്‍ അബദ്ധത്തില്‍ ഈ വിവരം വെളിപ്പെടുത്തുകയായിരുന്നുവെന്നും വനപാലകന് പരാതിയില്‍ പറയുന്നു.
സംഭവം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പരസ്യമായതോടെ മറ്റാരോടും വിവരം വെളിപ്പെടുത്തരുത് എന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും വനപാലകന്റെ പരാതിയിലുണ്ട്. കുറ്റകൃത്യം ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണം എന്നാണ് പരാതിക്കാരന്റെ ആവശ്യം. കടുവയെ പരിശോധിച്ചാല്‍ സംഭവം സത്യമാണെന്ന് തെളിയിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കടുവകളുടെ നഖത്തിനും തോലിനും മീശയ്ക്കും എല്ലാം ആവശ്യക്കാരേറെയാണ്. ഇതുമൂലം അനധികൃതമായി കടുവകള്‍ വേട്ടയാടപ്പെടുന്ന സംഭവങ്ങള്‍ പോലും പലഭാഗങ്ങളില്‍ നിന്നും റിപോര്‍ട് ചെയ്യപ്പെടുന്നുണ്ട്. ഇതിനിടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഇത്തരത്തില്‍ ഒരു വീഴ്ച ഉണ്ടായിരിക്കുന്നത്. വന്യമൃഗങ്ങളെ സംരക്ഷിക്കേണ്ടവര്‍ തന്നെ അവയെ ഉപദ്രവിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംഭവത്തില്‍ ഉന്നത തലത്തിലുള്ള അന്വേഷണം വേണമെന്നാണ് ആവശ്യം ഉയരുന്നത്.