ക്രൈം
ഷേവിങ് ബ്ലെയ്ഡ് ഉപയോഗിച്ച് എട്ടാം ക്ലാസുതോറ്റ ഡോക്ടറുടെ സിസേറിയൻ; അമ്മയും കുഞ്ഞും മരിച്ചു
ഷേവിങ് ബ്ലെയിഡ് ഉപയോഗിച്ച് വ്യാജ ഡോക്ടർ നടത്തിയ സിസേറിയനിൽ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലെ ഗ്രാമത്തിലാണ് സംഭവം. എട്ടാം ക്ലാസുതോറ്റ വ്യക്തിയാണ് ഡോക്ടർ ചമഞ്ഞ് ഗ്രാമത്തിൽ മാ ശാരദാ എന്ന പേരിൽ ക്ലിനിക്ക് നടത്തി വന്നിരുന്നത്. 33കാരിയായ പൂനവും അവരുടെ നവജാത ശിശുവുമാണ് മരിച്ചത്.
സംഭവത്തിൽ രാജേന്ദ്ര ശുക്ല എന്ന വ്യാജ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.യുവതിയുടെ മരണത്തിൽ സംശയം തോന്നിയ ഭർത്താവ് രാജാറാം നൽകിയ പരാതിയാണ് ഇയാളെ കുടുക്കിയത്. പ്രസവവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയെ ഇയാൾ ഷേവിങ് ബ്ലെയിഡ് ഉപയോഗിച്ച് ഓപ്പറേഷൻ ചെയ്യുകയായിരുന്നു. ശിശു ജനിച്ച് മിനിറ്റുകൾക്കുള്ളിൽ മരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
പിന്നാലെ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്തം വാർന്നാണ് യുവതിയുടെ മരണം. മതിയായ രേഖകളില്ലാതെയാണ് ക്ലിനിക് പ്രവർത്തിച്ചിരുന്നതെന്നും ഓപ്പറേഷൻ നടത്താനുള്ള ഉപകരണങ്ങളോ സൗകര്യങ്ങളോ ഇവിടെ ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.