Covid 19
രാജ്യത്ത് കോവിഡ് രൂക്ഷമാകുന്നു; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി
രാജ്യത്ത് ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചതായി ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിനം 20000ലധികം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ കോവിഡ് വീണ്ടും രൂക്ഷമായിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകള്‍ അടച്ചിടാനുള്ള ആലോചനയിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ പതിനായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മറ്റു സംസ്ഥാനങ്ങളിലേക്കും കോവിഡ് വ്യാപനത്തിനുള്ള സാധ്യത നിലനില്‍ക്കുന്നതായി ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
ഡല്‍ഹിയിലെ പ്രതിദിന കോവിഡ് രോഗികലുടെ എണ്ണവും കുതിച്ചുയരുകയാണ്. വെള്ളിയാഴ്ച 431 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്ക് 0.60 ശതമാനമായി ഉയരുകയും ചെയ്തു. രണ്ടുപേര്‍കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ, കോവിഡ് മരണസംഖ്യ 10,936 ആയി ഉയര്‍ന്നു. വ്യാഴാഴ്ച 409 പേര്‍ക്കായിരുന്നു കോവിഡ്. വെള്ളിയാഴ്ച അത് 431 ആയി ഉയര്‍ന്നത് പ്രതിദിനരോഗികള്‍ വീണ്ടും ഉയരുന്നതിന്റെ ലക്ഷണമായി. മൊത്തം രോഗബാധിതര്‍ 6.42 ലക്ഷമായി ഉയര്‍ന്നു.
കര്‍ണാടകയില്‍ പുതിയ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് ആവര്‍ത്തിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കി. കേരളവും മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് തീരുമാനം. കോവിഡ് ബാധിക്കുന്നവരുമായി സമ്പര്‍ക്കത്തില്‍ വരുന്ന 20 പേരെ പരിശോധനയ്ക്ക് വിധേയമാക്കാനാണ് പുതിയ നിര്‍ദേശം. നേരത്തേ ഇത് പത്തുപേരെയെന്നായിരുന്നു. സംസ്ഥാനത്ത് വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളില്‍ ആളുകള്‍ കൂടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാപനം തടയുന്നതിന് ശക്തമായ നടപടികള്‍ സ്വകരിക്കുമോ എന്ന ആകാംക്ഷയിലാണ് രാജ്യം.