ദേശീയം
സമരം കടുപ്പിക്കാനൊരുങ്ങി കര്‍ഷകര്‍; അതിര്‍ത്തിയില്‍ വീടുകള്‍ പണിയുന്നു
കേന്ദ്ര സർക്കാരിന്റെ കാര്‍ഷിക ബില്ല് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭം കടുപ്പിക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തികളില്‍ കര്‍ഷകര്‍ വീടുകളൊരുക്കുന്നതായി റിപ്പോർട്ട്. വരാനിരിക്കുന്ന കടുത്ത വേനലിനെ അതിജീവിക്കുന്നതിനൊപ്പം, സമരം അവസാനിക്കാതെ നീളുന്നതുമായ സാഹചര്യത്തിലാണ് ഹരിയാന അതിര്‍ത്തിയായ തിക്രിയില്‍ രണ്ടായിരത്തോളം വീടുകളൊരുക്കാന്‍ കർഷകർ തീരുമാനിച്ചത്. ഇഷ്ടികയും പുല്ലും കൊണ്ടുള്ള ഓരോ വീടിനും 20,000 മുതല്‍ 25,000 രൂപ വരെയാണ് ചെലവ് വരിക. ഇതിനകം 25 ഓളം വീടുകള്‍ തിക്രി അതിര്‍ത്തിയില്‍ കിസാന്‍ സോഷ്യല്‍ ആര്‍മിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
നിര്‍മാണ പ്രവര്‍ത്തികള്‍ സൗജന്യമാണെങ്കിലും നിര്‍മാണ സാമഗ്രികളുടെ ചെലവ് സമരക്കാരില്‍ നിന്ന് ഈടാക്കും. വേനല്‍ കടുത്താല്‍ ടെന്റുകളിലും ട്രാക്റ്ററുകളിലും തങ്ങാനാകില്ല. ഇതിനൊപ്പം കൊയ്ത്തുകാലം ആരംഭിക്കുന്നതോടെ ട്രാക്റ്ററുകള്‍ക്ക് ഗ്രാമങ്ങളിലേക്ക് തിരികെ പോകേണ്ടി വരും, ഈ സാചര്യങ്ങളെല്ലാം പരിഗണിച്ചാണ് വീടുകളൊരുക്കാന്‍ സമരക്കാര്‍ തീരുമാനിച്ചത്.പ്രക്ഷോഭം നാല് മാസം പൂര്‍ത്തിയാകുന്ന ഈ മാസം 26 നു ഭാരത് ബന്ദിന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളം അന്ന് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. ടോള്‍ പ്ലാസകള്‍ ഉപരോധിക്കും.
ഡല്‍ഹിയുടെ അതിര്‍ത്തികളിലേക്കു വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ഷകരെ എത്തിക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു.മോദിസര്‍ക്കാര്‍ പാസാക്കിയ മൂന്ന് പുതിയ കര്‍ഷകനിയമങ്ങള്‍ക്കെതിരെ 2020 നവംബര്‍ 27 നാണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരം ആരംഭിച്ചത്. ഡല്‍ഹിയുടെ മണ്ണിലും വിണ്ണിലും ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തിയപ്പോഴും, കര്‍ഷകര്‍ പിന്തിരിഞ്ഞില്ല. 100 ദിവസം പിന്നിട്ടപ്പോള്‍ 110 ഓളം കര്‍ഷകരാണ് സമരഭൂമിയില്‍ മരണപ്പെട്ടത്.
യു.പിയിലും ഹരിയാനയിലും സംഘടിപ്പിക്കപ്പെട്ട മഹാപഞ്ചായത്തുകളില്‍ പതിനായിരങ്ങള്‍ അണിനിരന്നതോടെ സംസ്ഥാന സര്‍ക്കാറുകള്‍ക്കും കര്‍ഷകസമരം കടുത്തവെല്ലുവിളി ഉയര്‍ത്തി. സമരം ആഗോള തലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടതും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഐക്യദാര്‍ഢ്യം ഉയര്‍ന്നതും കേന്ദ്ര സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു.
കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകർ 26 ന് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഭാരത് ബന്ദ് ആസൂത്രണം ചെയ്യുന്നതിനായി ട്രേഡ് യൂണിയനുകളും മറ്റ് ബഹുജന സംഘടനകളുമായി കൂടിയാലോചന നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു.
നവംബർ 26 ന് ഡൽഹി അതിർത്തിയിൽ ആരംഭിച്ച പ്രതിഷേധം മാർച്ച് 26ന് നാലുമാസം പൂർത്തിയാകും. ജനുവരി 26 ന് പ്രതിഷേധം രണ്ടുമാസം പൂർത്തിയായപ്പോൾ കർഷകർ ട്രാക്ടർ റാലി നടത്തിയിരുന്നു.