കേരളം
നേമത്ത് സീറ്റില്ല; വിജയൻ തോമസ് ബി. ജെ. പി യിലേക്ക്
നേമത്ത് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കെപിസിസി മുൻ ജനറൽ സെക്രട്ടറി വിജയൻ തോമസ് ബിജെപിയിൽ ചേർന്നു. വെള്ളിയാഴ്ച വൈകുന്നേരം ആറരക്ക് ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി അദ്ദേഹം അംഗത്വം സ്വീകരിച്ചു.. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് വിജയന്‍ തോമസ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്നായിരുന്നു രാജി. 2011ലും 2016ലും ഇദ്ദേഹത്തിന് മല്‍സരിക്കാന്‍ കോണ്‍ഗ്രസ് അവസരം നല്‍കിയിരുന്നില്ല. 2018ല്‍ ഡൽഹിയിലെത്തി ബിജെപി നേതാക്കളുമായി സംസാരിച്ചിരുന്നു. എന്നാല്‍ ഉടന്‍ തന്നെ കോണ്‍ഗ്രസ് അനുനയിപ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പദവിയിലേക്ക് കൊണ്ടുവരുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വേണമെന്ന് വിജയന്‍ തോമസ് ആവശ്യപ്പെട്ടിരുന്നു. കിട്ടില്ലെന്ന് ഉറപ്പായ സാഹചര്യത്തിലായിരുന്നു രാജി. തിരുവനന്തപുരത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാണ് നേമം. ഇവിടെ മല്‍സരിക്കണമെന്ന് വിജയന്‍ തോമസിന് താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇവിടെ ശക്തനായ നേതാവിനെയാണ് പരിഗണിക്കുന്നത്. ബിജെപിയുടെ കേരളത്തിലെ ഏക സീറ്റാണ് നേമം. അതു തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ശ്രമം തുടരുകയാണ്.
സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് വിജയന്‍ തോമസ് കടുത്ത തീരുമാനം എടുത്തതെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. നേരത്തെ രാജി ഭീഷണി മുഴക്കിയ കെവി തോമസിനെ കോണ്‍ഗ്രസ് അര്‍ഹമായ പദവി നല്‍കി പരിഗണിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് മറ്റൊരു നേതാവ് അര്‍ഹമായ പരിഗണന കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി രാജിവച്ചിരിക്കുന്നത്.