ദേശീയം
2024 ഓടെ ഇന്ത്യൻ ഇ-കൊമേഴ്സ് വിപണിയിൽ 84 ശതമാനം വളർച്ച; ഇന്ത്യക്കാരുടെ പേമെന്റ് രീതികളിൽ മാറ്റം
ഇന്ത്യയുടെ ഇ- കൊമേഴ്സ് വിപണി 2024-ല്‍ 111 ബില്ല്യണ്‍ കോടി ഡോളറിലെത്തുമെന്ന് ആഗോള ധനകാര്യ സാങ്കേതികവിദ്യ ദാതാവായ എഫ്‌ഐഎസിന്റെ 2021 ഗ്ലോബല്‍ പേമെന്റ്‌സ് റിപ്പോര്‍ട്ട് പറയുന്നു. 84 ശതമാനം വളര്‍ച്ചയാകും ഈ രംഗത്ത് കൈവരിക്കുക എന്നാണ് സൂചന. കൊവിഡും തുടർന്നുണ്ടായ ലോക്ക് ഡൗണുമാണ് ഇ-കൊമേഴ്‌സ് വിപണിയില്‍ നാടകീയമായ ഈ വളര്‍ച്ചയ്ക്കു കളമൊരുക്കിയതെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. നാല്‍പ്പത്തിയൊന്ന് രാജ്യങ്ങളിലെ ഇപ്പോഴത്തേയും ഭാവിലേയും പേമെന്റ് ഗതി പരിശോധിച്ചതിനുശേഷമാണ് എഫ്‌ഐഎസ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.
കൊവിഡ് കാലയളവില്‍ ഈ രാജ്യങ്ങളിലെ ഡിജിറ്റല്‍ കൊമേഴ്‌സ് ത്വരിതപ്പെടുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഉപഭോക്താക്കളുടെ പേമെന്റ് ശീലത്തില്‍ കൊവിഡ് മാറ്റങ്ങള്‍ വരുത്തി. ഇന്ത്യയുടെ ഇ-കൊമേഴ്സ് വിപണി അടുത്ത നാലു വര്‍ഷക്കാലത്ത് 21 ശതമാനം വാര്‍ഷിക വളര്‍ച്ച നേടും. 2020-ല്‍ ഓണ്‍ലൈനില്‍ ഏറ്റവും പ്രചാരമുള്ള പേയ്മെന്റ് രീതികള്‍ ഡിജിറ്റല്‍ വാലറ്റുകള്‍ (40 ശതമാനം), ക്രെഡിറ്റ് കാര്‍ഡ് (15 ശതമാനം), ഡെബിറ്റ് കാര്‍ഡ് (15 ശതമാനം) എന്നിവയാണ്.
നിലവില്‍ ഈ പേമെന്റ് രീതിക്ക് വിപണിയിലെ സാന്നിധ്യം മൂന്ന് ശതമാനം മാത്രമാണ്. 2024 ഓടെ ഇത് 9 ശതമാനമായി ഉയരുമെന്ന് റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. ഡിജിറ്റല്‍ വാലറ്റുകള്‍ ഉപയോഗിച്ച് നടത്തുന്ന വാങ്ങലുകള്‍ വന്‍ വളര്‍ച്ച നേടുമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഓണ്‍ലൈന്‍ വിപണി വിഹിതം ഡിജിറ്റല്‍ വാലറ്റുകളുടെ വിഹിതം 2024ഓടെ 47 ശതമാനമായി ഉയരുമെന്നു കണക്കാക്കുന്നു. ഇന്ത്യയിലെ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) വിപണി 2024-ല്‍ ഇപ്പോഴത്തേതില്‍നിന്ന് 41 ശതമാനം വര്‍ധനയോടെ 1,035 ബില്ല്യണ്‍ കോടി ഡോളറിലെത്തുമെന്ന എഫ്‌ഐഎസ് റിപ്പോര്‍ട്ട് കണക്കാക്കുന്നു.
രാജ്യത്തെ ഇ-കൊമേഴ്സ് വിപണി അതിവേഗ വളര്‍ച്ച നേടുമെന്ന് ഡെലോയ്റ്റ് ഇന്ത്യ ആന്‍ഡ് റീട്ടെയ്ല്‍ അസോസിയേഷന്‍ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു . ഇന്ത്യന്‍ ഇ-കൊമേഴ്സ് വിപണി 2021 ല്‍ 8,400 കോടി യുഎസ് ഡോളറിലേക്ക് വളരുമെന്നാണ് ഡെലോയ്റ്റ് ഇന്ത്യ വ്യക്തമാക്കുന്നത്. 2017 ല്‍ 2,400 കോടി ഡോളറിലേക്ക് രാജ്യത്തെ ഇ-കൊമേഴ്സ് വിപണി വളര്‍ന്നിരുന്നതായാണ് റിപ്പോർട്ട് സൂചിപ്പിച്ചിരുന്നത്.