കേരളം
രാത്രിയില്‍ ഡിം ലൈറ്റ് ഇടാതെ വണ്ടിയോടിക്കുന്നവരെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ്
രാത്രി ഏറെ വെെകിയാണ് വാഹനാപകടങ്ങള്‍ കൂടുതലും സംഭവിക്കുന്നത്. ദീര്‍ഘദൂര യാത്രകള്‍ക്കിടയിലാണ് പല വന്‍ ദുരന്തങ്ങളും ഉണ്ടായിട്ടുള്ളത്. ഒന്നു ശ്രദ്ധിച്ചാല്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാവുന്നതാണ്. ഡ്രെെവിങ്ങിന് വേണ്ടത്ര പ്രാധാന്യവും ശ്രദ്ധയും നല്‍കണം. എത്ര നന്നായി ഡ്രെെവ് ചെയ്യുന്നവരാണെങ്കിലും രാത്രി യാത്ര പലപ്പോഴും നമ്മള് പ്രതീക്ഷിക്കുന്നതുപോലെ ആകണമെന്നില്ല.
രാത്രി യാത്രയില്‍ വാഹനത്തിന്റെ ഡിം ലൈറ്റ് അടിക്കാതെ തീവ്ര പ്രകാശം ഉള്ള ലൈറ്റ് ഉപയോഗിക്കുന്നവരെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. രാത്രിയിലെ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയത്. –
മൊബൈല്‍ വലിപ്പത്തിലുള്ള ഉപകരണമായ ലക്സ് മീറ്ററിന്റെ സഹായത്തോടെയാണ് തീവ്ര പ്രകാശം ഉള്ളവാഹനങ്ങളെ കണ്ടെത്തുക. ലക്സ് മീറ്റര്‍ വഴി പിടിക്കപ്പെടുന്ന വാഹനങ്ങള്‍ക്കെതിരേ പിഴ ചുമത്താനും ബോധവത്കരണം നടത്താനുമാണ് മോട്ടാര്‍ വാഹന വകുപ്പിന്റെ തീരുമാനം. മോട്ടോര്‍ വാഹന വകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹന സ്ക്വാഡിനാണ് മെഷീന് നല്‍കിയിട്ടുള്ളത്.
നിയമപ്രകാരം 24 വാട്സുള്ള ബള്‍ബുകള്‍ അനുവദിച്ചിടത്ത് ശേഷി 70-75 വരെ വാട്സില്‍ കൂട്ടാന്‍ പാടില്ല. 12 വാട്സുള്ള ബള്‍ബുകള്‍ 60 മുതല്‍ 65 വരെ വാട്സിലും കൂടരുത്. മിക്ക വാഹനങ്ങളിലും 60 വാട്സ് വരെ ശേഷിയുള്ള ബള്‍ബുകളാണ് നിര്‍മാണക്കമ്ബനികള്‍ ഘടിപ്പിക്കാറുള്ളത്. ലൈറ്റിന്റെ അളവ് കൂടിയാല്‍ ലക്സ് മീറ്റര്‍ പിടികൂടും.
ആഡംബര വാഹനങ്ങളില്‍ വെളിച്ചം മുകളിലേക്കു പരക്കാതിരിക്കാനായി ബീം റെസ്ട്രിക്ടര്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും പലരും ഇത് അഴിച്ചുമാറ്റിയാണ് വണ്ടി ഉപയോഗിക്കുന്നത്. ഇത് എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കണ്ണിലേക്ക് വെളിച്ചം നേരിട്ടടിക്കാനും അപകടമുണ്ടാകാനും കാരണമാകും.