ദേശീയം
ആൾകുരങ്ങിലെ അജ്ഞാത രോഗം മനുഷ്യരിലേക്കോ?
ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ മറ്റൊരു വൈറസും ഭീതിയിലാഴ്ത്തുകയാണ്. ആള്‍ക്കുരങ്ങുകളുടെ മരണത്തിന് കാരണമാകുന്ന ബാക്ടീരയിയാണ് ഇപ്പോള്‍ അപകടകാരി. ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലെ ടക്കുഗാമ വന്യജീവി സങ്കേതത്തിലെ ആള്‍ക്കുരങ്ങുകളാണ് നാഡീവ്യൂഹത്തേയും ആമാശയ വ്യവസ്ഥയേയും ബാധിക്കുന്ന അജ്ഞാതരോഗം വന്ന് മരണമടഞ്ഞത്. എന്നാല്‍ ഇവ മനുഷ്യരിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
മനുഷ്യരും ആള്‍ക്കുരങ്ങുകളും തമ്മില്‍ 98 ശതമാനത്തോളം സമാനതയുണ്ടെന്നതാണ് ഈ നിഗമനത്തിന് പിന്നില്‍. 2005 മുതലാണ് ഈ രോഗം ആള്‍ക്കുരങ്ങളുകളില്‍ കണ്ടുതുടങ്ങിയത്.
ഛര്‍ദ്ദി, വയറിളക്കം, തുടങ്ങിയ ലക്ഷണങ്ങളോടെ വരുന്ന ഈ അജ്ഞാതരോഗം പിന്നീട് മരണത്തിനിടയാക്കുന്നു. 56 കുരങ്ങുകളാണ് ഈ രോഗം മൂലം മരണമടഞ്ഞത്.
നാഡീവ്യൂഹത്തെ ബാധിക്കുന്നതിനാല്‍ ആള്‍ക്കുരങ്ങുകളില്‍ ശാരീരിക പ്രവര്‍ത്തനങ്ങളുടെ ഏകോപനം അസാധ്യമാകുകയും ചലനത്തെ പ്രതികൂലമായി ബാധിക്കുകയും അപസ്മാരം ഉണ്ടാക്കുകയും ചെയ്യും. ഇതു വരെ രോഗബാധയുണ്ടായ ആള്‍ക്കുരങ്ങില്‍ ഒന്നു പോലും രക്ഷപ്പെട്ടില്ല എന്ന കാര്യം പഠനസംഘം വ്യക്തമാക്കുന്നു. രോഗബാധിതരില്‍ നിന്ന് നേരിട്ട് രോഗം പകരുന്നില്ല എങ്കിലും കാലാവസ്ഥയും സാഹചര്യവും രോഗവ്യാപനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളായതിനാല്‍ മുന്‍കരുതല്‍ അനിവാര്യമാണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ടക്കുഗാമ വന്യജീവി സങ്കേതത്തില്‍ പ്രത്യേക കാലാവസ്ഥകളിലാണ് രോഗബാധയുണ്ടാകുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം,ചിമ്ബാന്‍സികളുടെ മരണത്തിനിടയാക്കുന്ന രോഗത്തിന് സാര്‍സിന ജനുസ്സില്‍ പെട്ട ബാക്ടീരിയയുമായി ബന്ധമുണ്ടെന്നാണ് പഠനസംഘം പറയുന്നത്. സാര്‍സിന ബാക്ടീരിയയുടെ അമിത സാന്നിധ്യം ആമാശയ ഭിത്തിയില്‍ ഗ്യാസ് നിറയാനിടയാക്കുകയും ആമാശയ വ്രണങ്ങള്‍, ഗുരുതര ആമാശയവീക്കം, ആമാശയത്തില്‍ സുഷിരങ്ങളുണ്ടാക്കല്‍എന്നിവയ്ക്ക് കാരണമാകുന്നു.