ദേശീയം
25 ലോക്‌സഭാംഗങ്ങള്‍ക്ക് ആസ്തി നൂറ് കോടിയിലധികം; ഒന്‍പതുപേര്‍ ബിജെപിയില്‍
രാജ്യത്ത് നൂറ് കോടിയിലധികം ആസ്തിയുള്ള ലോക്‌സഭാ അംഗങ്ങളുടെ എണ്ണം 25. ശതകോടീശ്വരന്‍മാരില്‍ ഏറ്റവും കൂടുതല്‍ എംപിമാര്‍ ബിജെപിയിലാണ്. ഒന്‍പതുപേരാണ് ബിജെപിയിലുള്ളത്. 514 സിറ്റിങ് എംപിമാരുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം വിശകലനം ചെയ്ത് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസാണ് ലോക്‌സഭയിലെ ശതകോടീശ്വരന്‍മാരുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഏറ്റവും കൂടുതല്‍ സമ്പന്നരായ രണ്ട് ലോക്‌സഭാ അംഗങ്ങള്‍ കോണ്‍ഗ്രസുകാരാണ്. ചിന്ദ്‌വാരയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി നകുല്‍നാഥാണ് സമ്പന്നരില്‍ മുന്നില്‍. 660 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. രണ്ടാമത് ബംഗളൂരു റൂറല്‍ എംപിയായ ഡികെ സുരേഷ് ആണ്. 338 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. ആന്ധ്രാപ്രദേശിലെ നര്‍സാപൂരത്ത് നിന്നുള്ള സ്വതന്ത്ര എംപി കനുമുരു രാഘുറാമ കൃഷ്ണ രാജുവാണ് ഏറ്റവും സമ്പന്നനായ മുന്നാമത്തെ ലോക്‌സഭ അംഗം. 325 കോടി രൂപയാണ് ഇദേഹത്തിന്റെ ആസ്തി.
വൈഎസ്ആര്‍സിപിയിലെ രണ്ട് അംഗങ്ങളും ടിആര്‍എസിലെ രണ്ട് അംഗങ്ങളും ശിരോമണി അകാലദളില്‍ നിന്ന് രണ്ട് എംപിമാരും ശതകോടിശ്വരരാണ്. ഡിഎംകെ ഒന്ന്, തൃണമൂല്‍ ഒന്ന്, ശിവസേന ഒന്ന്, തെലുങ്ക്‌ദേശം പാര്‍ട്ടി ഒന്ന്, ബിജെഡി ഒന്ന്, ബിഎസ്പി ഒന്ന്, എന്‍സിപി ശരത് കുമാര്‍ വിഭാഗം ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവര്‍.