Covid 19
രാജ്യത്ത് പുതുതായി 19 ഒമിക്രോൺ കേസുകൾ കൂടി; 80 ശതമാനം കേസുകളും ലക്ഷണമില്ലാത്തവ
രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു. പുതുതായി 19 പേരിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 174 ആയി ഉയർന്നു. ഒമിക്രോൺ സ്ഥിരീകരിച്ച 80 ശതമാനം പേരിലും രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
ഡൽഹിയിൽ എട്ട് പുതിയ ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ അഞ്ചും കേരളത്തിൽ നാലും ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 54 പേരിലാണ് മഹാരാഷ്ട്രയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഡൽഹിയിൽ 30 പേരിലും.
നിലവിലെ സാഹചര്യത്തെ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഒമിക്രോൺ പ്രതിരോധത്തിന് നിലവിലുള്ള വാക്സിന്റെ കാര്യക്ഷമത പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ ലാബുകളും ടെസ്റ്റ് സംവിധാനങ്ങളും ട്രാക്കിങ്ങും ഉറപ്പു വരുത്തിയിട്ടുണ്ട്. 44 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത് വളരെ വേഗത്തിലാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം കേരളത്തിൽ കൂടുതൽ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം. വിദേശത്തു നിന്നും എത്തുന്നവർ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായലി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ക്വാറന്റയിൻ ഉൾപ്പെടെ കർശനമായ വ്യവസ്ഥകൾ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ മറ്റു രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് സ്വയം നിരീക്ഷണം മാത്രമാണ് കേന്ദ്ര സർക്കാർ വ്യവസ്ഥ ചെയ്യുന്നു. ഈ രാജ്യങ്ങളിൽ നിന്നു വരുന്നവർക്കും ഒമിക്രോൺ സ്ഥരീകരിക്കുന്ന സാഹചര്യത്തിലാണ് സ്വയം നിരീക്ഷണം ഉറപ്പാക്കാൻ നിർദ്ദേശം നൽകിയത്.
ഇന്നലെ നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയിൽ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യുകെയിൽ നിന്നുമെത്തിയ യുവതി (27), നൈജീരിയയിൽ നിന്നുമെത്തിയ യുവാവ് (32) എന്നിവർക്കാണ് ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചത്.