ദേശീയം
സമ്മര്‍ദ്ദം ഫലം കാണുന്നു; കോവിഷീല്‍ഡിന് ‘ഗ്രീന്‍ പാസ് ; അംഗീകാരം നൽകി എട്ടു യൂറോപ്യന്‍ രാജ്യങ്ങള്‍
ഇന്ത്യയുടെ സമ്മര്‍ദ്ദം ഫലം കണ്ടു. എട്ടു യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിച്ചു. ജര്‍മ്മനി, സ്ലോവേനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്ലാന്‍ഡ്, അയര്‍ലാന്‍ഡ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയത്.
അംഗീകൃത വാക്‌സിനുകളുടെ പട്ടികയില്‍ കോവിഷീല്‍ഡിനെ കൂടി ഉള്‍പ്പെടുത്തിയതോടെ, ഈ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഈ രാജ്യങ്ങളിലെ യാത്രക്കുള്ള തടസ്സം നീങ്ങും. ജൂലൈ ഒന്നു മുതല്‍ അംഗീകൃത വാക്‌സിന്റെ രണ്ടു ഡോസ് ലഭിച്ചവര്‍ക്ക് മാത്രമാണ് യൂറോപ്പില്‍ സഞ്ചരിക്കാനുള്ള ഗ്രീന്‍ പാസ് അനുവദിക്കുകയുള്ളൂ. അല്ലാത്തവര്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ പോകണമെന്നാണ് നിര്‍ദേശം.
ജൂലൈ ഒന്നു മുതല്‍ യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ കോവിഡ് 19 സര്‍ട്ടിഫിക്കറ്റ് അഥവാ ഗ്രീന്‍ പാസ് നിലവില്‍ വരാനിരിക്കേ കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപ്പിച്ചിരുന്നു. ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകള്‍ അംഗീകരിക്കാത്ത പക്ഷം, രാജ്യത്തേക്ക് വരുന്ന യുറോപ്യന്‍ യാത്രക്കാരുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്ന കാര്യത്തിലും ഇതേ സമീപനം സ്വീകരിക്കുമെന്നാണ് ഇന്ത്യ അറിയിച്ചത്.
കോവിഷീല്‍ഡ്, കോവാക്‌സീന്‍ സര്‍ട്ടിഫിക്കറ്റുകള്‍ യൂറോപ്യന്‍ യാത്രകള്‍ക്കായി അംഗീകരിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ യൂറോപ്യന്‍ യൂണിയന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കില്ലെന്നും അവിടെ നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ നടപ്പാക്കാനുമാണ് കേന്ദ്രം തീരുമാനിച്ചത്. കോവിഡീല്‍ഡിനെ വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ യൂറോപ്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.