ദേശീയം
ഗ്രാമങ്ങളിലെ 78% മാതാപിതാക്കളും പെൺമക്കൾ ബിരുദവും അതിനുശേഷവും പഠിക്കണമെന്ന് ആഗ്രഹിക്കുന്നു: പഠന റിപ്പോർട്ട്
ഗ്രാമീണ മേഖലയിലെ പെൺകുട്ടികളുടെ എഴുപത്തിയെട്ട് ശതമാനം രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ ബിരുദവും അതിനു മുകളിലും പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഗ്രാമങ്ങളിലെ ആൺകുട്ടികളുടെ 82 ശതമാനം രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നല്കാൻ ആഗ്രഹിക്കുന്നുവെന്നും കേന്ദ്രമന്ത്രി ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
20 സംസ്ഥാനങ്ങളിലായി 6,229 ഗ്രാമീണ കുടുംബങ്ങളിൽ നിന്ന് ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ആദ്യത്തെ ‘സ്റ്റേറ്റ് ഓഫ് എലിമെന്ററി എജ്യുക്കേഷൻ ഇൻ റൂറൽ ഇന്ത്യ’ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 6 മുതൽ 16 വയസ്സുവരെയുള്ള ഗ്രാമീണ സമൂഹങ്ങളിലെ കുട്ടികളെ കേന്ദ്രീകരിച്ചായിരുന്നു പഠനം നടത്തിയത്.
സർവേയിൽ പങ്കെടുത്ത 6,229 ഗ്രാമീണ കുടുംബങ്ങളിൽ 6,135 പേർക്ക് സ്‌കൂളിൽ പോകുന്ന വിദ്യാർത്ഥികളും 56 പേർ സ്‌കൂൾ പഠനം നിർത്തിയവരും 38 പേർ ഇതുവരെ സ്‌കൂളിൽ ചേരാത്ത കുട്ടികളും ആയിരുന്നു.സ്‌കൂൾ പഠനം നിർത്തിയ 56 വിദ്യാർത്ഥികളിൽ 36.8 ശതമാനം പെൺകുട്ടികളുടെ രക്ഷിതാക്കളും തങ്ങളുടെ പെൺമക്കൾ സ്‌കൂൾ നിർത്തിയത് കുടുംബത്തിന്റെ സമ്പാദ്യത്തിൽ സഹായിക്കണമെന്ന കാരണത്തിലാണ് എന്ന് പറയുന്നു. 31.6 ശതമാനം കുട്ടികൾ പഠനത്തോടുള്ള താൽപര്യക്കുറവ് മൂലം പഠനം നിർത്തിയതായി പറയുന്നു. കൂടാതെ, 21.1 ശതമാനം മാതാപിതാക്കളും തങ്ങളുടെ പെൺമക്കൾ വീട്ടുജോലികളും വീട്ടിലെ സഹോദരങ്ങളും ശ്രദ്ധിച്ച് ജീവിക്കേണ്ടിയിരുന്നവരാണെന്ന് വിശ്വസിച്ചിരുന്നവരാണ് എന്നും പഠന റിപ്പോർട്ടിൽ പറയുന്നു.
ആൺകുട്ടികളുടെ 71.8 ശതമാനം രക്ഷിതാക്കളും തങ്ങളുടെ മക്കൾ പഠനം നിർത്താനുള്ള പ്രധാന കാരണം താൽപ്പര്യമില്ലായ്മയാണെന്ന് പറഞ്ഞു. 48.7 ശതമാനം പേർ പറയുന്നത് കുടുംബത്തിന്റെ വരുമാനത്തിൽ സഹായിക്കേണ്ടതിനാലാണ് എന്നാണ്.
പഠനറിപ്പോർട്ടിൽ പറയുന്നത്, ആൺകുട്ടികളിൽ നാലിലൊന്ന് വിഭാഗവും പ്രൈമറി സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ സ്‌കൂൾ പഠനം ഉപേക്ഷിച്ചവരാണ്. ഈ ഘട്ടത്തിൽ കൊഴിഞ്ഞുപോക്ക് നിരക്ക് പെൺ കുട്ടികളിൽ കൂടുതലായിരുന്നു. ഏകദേശം 35 ശതമാനം സ്‌കൂൾ പഠനം ഉപേക്ഷിച്ചവരാണ്. 75 ശതമാനം ആൺകുട്ടികളും 65 ശതമാനം പെൺകുട്ടികളും പ്രൈമറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പഠനം നിർത്തിയവരാണ്.