Covid 19
രാജ്യത്ത് റെക്കോഡ് വാക്സിനേഷൻ: 24 മണിക്കൂറിനിടെ 69 ലക്ഷം ഡോസ് വിതരണം ചെയ്തു
രാജ്യത്ത് കേന്ദ്രീകൃത സൗജന്യ വാക്സീൻ നിലവിൽ വന്ന ദിനം വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നു. പുതിയ നയം നിലവിൽ വന്ന ഇന്ന് വാക്സിനേഷൻ തോതിൽ റെക്കോർഡ് വർധനയാണ് ഉണ്ടായത്.69 ലക്ഷം ഡോസ് വാക്സിൻ 24 മണിക്കൂറിനിടെ വിതരണം ചെയ്തു.
ഒരു ദിവസത്തെ ഏറ്റവും കൂടിയ കണക്കാണിത്. വാക്സീൻ വിതരണത്തിലെ അസമത്വത്തിനെതിരെ സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണ് കേന്ദ്രം പുതിയ വാക്സീൻ നയം നടപ്പാക്കിയത്. 69 ലക്ഷം പേർ ഇന്ന് വാക്സീൻ സ്വീകരിച്ചെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
ദേശീയ പൊസിറ്റിവിറ്റി നിരക്ക് രണ്ടാഴ്ചയായി അഞ്ച് ശതമാനത്തിൽ താഴെ തുടരുകയാണ്. ആകെ വാക്സീന്റെ 75 ശതമാനവും കേന്ദ്രം സംഭരിക്കും. നേരത്തെ ഇത് 50 ശതമാനമായിരുന്നു. 18 വയസിനു മുകളിലുള്ളവരുടെ വാക്സീന്റെ ചെലവ് കേന്ദ്രം വഹിക്കും.
സംസ്ഥാനങ്ങളിലെ രോഗ വ്യാപന നിരക്ക്, ജനസംഖ്യ, തുടങ്ങിയ മാനദണ്ഡങ്ങൾ കണക്കിലെടുത്താകും എത്ര വാക്സീൻ നൽകണമെന്ന് കേന്ദ്രം തീരുമാനിക്കുക. പുതിയ നയം പ്രകാരം സ്വകാര്യ വാക്സീൻ കേന്ദ്രങ്ങൾക്ക് 25 ശതമാനം മാറ്റിവെക്കും.