പ്രവാസി വാർത്തകൾ
ഗൾഫിൽ കോവിഡ് ബാധിച്ച് 54 മരണം കൂടി, ഇതോടെ കോവിഡ് മരണസംഖ്യ 2398 ആയി.
ഗൾഫിൽ കോവിഡ് ബാധിച്ച് 54 മരണം കൂടി. ഇതോടെ കോവിഡ് മരണസംഖ്യ 2398 ആയി. 7645 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം ഇതോടെ നാലു ലക്ഷത്തി പതിനായിരം കവിഞ്ഞു.
സൗദി അറേബ്യയിൽ ഇന്നലെയും 41 മരണം. കുവൈത്ത്, ഒമാൻ, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിൽ രണ്ടു വീതവും യു.എ.ഇയിൽ ഒരാളും പുതുതായി കോവിഡിനു കീഴടങ്ങി. സൗദിയിൽ പിന്നിട്ട ഇരുപത്തി നാലു മണിക്കൂറിനിടയിൽ 3372 ആണ് പുതിയ കേസുകൾ. ഖത്തറിലും ഒമാനിലും ആയിരത്തിനും മുകളിൽ തന്നെ രോഗികളുടെ എണ്ണം മാറ്റമില്ലാതെ തുടരുകയാണ്. 430 കേസുകൾ റിപ്പോർട്ട് ചെയ്ത യു.എ.ഇയാണ് രോഗികളുടെ എണ്ണത്തിൽ കുറവുള്ള ഗൾഫ് രാജ്യം.
ഗൾഫിൽ ആറായിരത്തിലേറെ പേർക്ക് പുതുതായി രോഗം മാറി. ഇതോടെ രോഗവിമുക്തി കൈവരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. മാസങ്ങളായി യു.എ.ഇയിൽ ഏർപ്പെടുത്തിയ രാത്രിയാത്രാ നിയന്ത്രണങ്ങൾ പുർണമായും പിൻവലിച്ചതോടെ ജീവിതം കൂടുതൽ സജീവമായി.
ഒമാനിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഹമരിയയിലും, വാദികബീർ വ്യവസായ മേഖലകളിലും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം അവസാനിച്ചു. യു.എ.ഇയിൽ പള്ളികൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായില്ല.