Covid 19
സംസ്ഥാനത്ത് സമ്പൂർണ വാക്സിനേഷൻ 50 ശതമാനം പിന്നിട്ടതായി ആരോഗ്യ മന്ത്രി
കേരളത്തിൽ ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്തവരുടെ എണ്ണം 50 ശതമാനം പിന്നിട്ടതായി ആരോഗ്യ മന്ത്രി വീണ ജോർജ്. കോവിഡ് വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ പകുതിയിലധികം പേർ വാക്സിനെടുത്തതായി മന്ത്രി വ്യക്തമാക്കി. കോവിഡിനെതിരായ വലിയ പോരാട്ടം നടക്കുന്ന ഈ വേളയിൽ ഇത്രയും പേർക്ക് സമ്പൂർണ വാക്‌സിനേഷൻ നൽകി സുരക്ഷിതരാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.
94 ശതമാനത്തിലധികം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകാനായി. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. ദേശീയ തലത്തിൽ ആദ്യ ഡോസ് വാക്‌സിനേഷൻ 77.37 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷൻ 33.99 ശതമാനവുമാകുമ്പോഴാണ് സംസ്ഥാനം ഈ നേട്ടം കൈവരിക്കുന്നത്. സംസ്ഥാനം ആവിഷ്‌ക്കരിച്ച വാക്‌സിനേഷൻ ഡ്രൈവാണ് ഇത്ര വേഗം നേട്ടം കൈവരിക്കാൻ സഹായകമായതെന്നും മന്ത്രി പറഞ്ഞു.
വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 94.58 ശതമാനം പേർക്ക് (2,52,62,175) ആദ്യ ഡോസും 50.02 ശതമാനം പേർക്ക് (1,33,59,562) രണ്ടാം ഡോസും നൽകി. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 3,86,21,737 ഡോസ് വാക്‌സിനാണ് ഇതുവരെ നൽകിയത്. പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളിൽ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. കുറച്ച് പേർ മാത്രമാണ് ആദ്യ ഡോസ് വാക്‌സിനെടുക്കാനുള്ളത്.
രണ്ടാം ഡോസ് വാക്‌സിൻ എടുക്കാനുള്ളവരിൽ ചിലർ കാലതാമസം വരുത്തുന്നുവെന്നാണ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. കോവിഷീൽഡ് വാക്‌സിൻ 84 ദിവസം കഴിഞ്ഞും കോവാക്‌സിൻ 28 ദിവസം കഴിഞ്ഞും രണ്ടാം ഡോസ് സ്വീകരിക്കണം. ചിലയാളുകൾ 84 ദിവസം കഴിഞ്ഞും വാക്‌സിനേഷൻ കേന്ദ്രത്തിലെത്തുന്നില്ല. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചാൽ മാത്രമേ പൂർണ ഫലം ലഭിക്കൂ. രണ്ടാം ഡോസ് വാക്‌സിൻ കൃത്യസമയത്ത് സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.