ദേശീയം
പൂച്ചയെ രക്ഷിക്കാൻ ബയോഗ്യാസ് കുഴിയിൽ ഇറങ്ങിയ 5 പേർ മരിച്ചു
മഹാരാഷ്ട്രയിലെ അഹമദ്‌നഗറില്‍ കിണറിൽ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം. ഏറെക്കാലമായി ഉപയോഗിക്കാതിരുന്ന കിണറിൽ കർഷകൻ ബയോഗ്യാസിന്റെ സ്ലറി സൂക്ഷിക്കാനായി ഉപയോഗിക്കുകയായിരുന്നു. ഈ കിണറിലാണ് വീട്ടുകാരുടെ വളർത്തുപൂച്ച വീണത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് പൂച്ച ബയോഗ്യാസ് കുഴിയിൽ വീണത്. ശബ്ദം കേട്ട് ഇറങ്ങിയവരും അതിനുള്ളില്‍ കുടുങ്ങി. പിന്നാലെ രക്ഷിക്കാന്‍ വന്ന ഓരോരുത്തരായി വീഴുകയായിരുന്നുവെന്നാണ് വിവരം. ചതുപ്പ് നിറഞ്ഞ കിണറില്‍ കരയ്ക്ക് കയറാനാവാതെ ഇവര്‍ കുടങ്ങിയെന്നും വായു സഞ്ചാരം പ്രശ്‌നമായെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. നാട്ടുകാര്‍ ചേര്‍ന്ന് ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.