ദേശീയം
ജാഗ്രത തുടരണം; ഇന്ത്യയില്‍ ഇനിയും 40 കോടി പേര്‍ക്ക് കോവിഡ് വരാന്‍ സാധ്യതയെന്ന് ഐ.സി.എം.ആര്‍
രാജ്യത്തെ മൂന്നു പേരില്‍ ഒരാള്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ജനസംഖ്യയില്‍ മൂന്നിലൊന്ന് പേരുടെ ശരീരത്തില്‍ ആന്റിബോഡിയില്ല. അതായത് രാജ്യത്തെ 40 കോടി പേര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ട്- നാലാംഘട്ട സീറോ സര്‍വേയിലെ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
ജൂണ്‍- ജൂലൈ മാസങ്ങളില്‍ 70 ജില്ലകളിലാണ് നാലാംഘട്ട ദേശീയ സീറോ സര്‍വേ നടത്തിയത്. ആറിനും പതിനേഴിനും ഇടയിലുള്ള കുട്ടികളെയും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. രാജ്യത്തെ ആകെ ജനസംഖ്യയില്‍ 67.6 ശതമാനം പേര്‍ക്കും രോഗബാധയുണ്ടായിട്ടുണ്ട്.ആദ്യമായാണ് ഇത്തരം ഒരു സര്‍വേയിൽ 6-17 വയസിനിടയില്‍ ഉള്ളവരെ ഉള്‍പ്പെടുത്തുന്നത്. പ്രസ്തുത വിഭാഗത്തിലെ പകുതിയോളം പേരിലും ആന്റിബോഡിയുടെ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തൽ.
ഏറ്റവും പുതിയ സര്‍വേ രോഗവ്യാപനത്തിന്റെ തോത് വര്‍ധിച്ചതായാണ് കാണിക്കുന്നത്. 2020 ഡിസംബറില്‍ നടത്തിയ സീറോ സര്‍വേയില്‍ 25 ശതമാനം പേരില്‍ മാത്രമായിരുന്നു ആന്റിബോഡി കണ്ടെത്തിയത്. സെപ്റ്റംബറിലെ രണ്ടാം സര്‍വയില്‍ ഇത് 7.1 ഉം മേയ്-ജൂണ്‍ മാസങ്ങളിലെ ആദ്യ ഘട്ടത്തില്‍ 0.7 ശതമാനവുമായിരുന്നു. നഗര ഗ്രാമ പ്രദേശങ്ങളില്‍ സമാനമായാണ് കണക്കുകള്‍. അതിനാല്‍ രണ്ടാം തരംഗത്തിലെ പോലെയുള്ള തീവ്ര വ്യാപനത്തിന്റെ സാധ്യത കുറയുന്നു. 32 കോടിയിലധികം പേര്‍ ഏതെങ്കിലും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരാണ്.
രോഗം ബാധിച്ചവരും വാക്സിനെടുത്തവരും തമ്മില്‍ ഗണ്യമായ വ്യത്യാസമുണ്ട്. എന്നിരുന്നാലും രാജ്യത്ത് ആറ് വയസിന് മുകളിലുളള 70 ശതമാനം ആളുകളിലും കോവിഡിനെതിരായ പ്രതിരോധ ശേഷി ഉത്പാദിപ്പിച്ചിട്ടുണ്ട്. വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചാല്‍ മാത്രമാണ് പ്രതിരോധ ശേഷിയെ മറികടക്കാനുള്ള സാധ്യതകള്‍. പക്ഷെ രണ്ടാം തരംഗത്തിന് സമാനമായ വ്യാപനത്തിന്റെ സാധ്യത കുറവാണെന്നാണ് ഐസിഎംആറിന്റെ പഠനം വ്യക്തമാക്കുന്നത്.