ദേശീയം
3 വയസുള്ള കുട്ടിക്കും രോഗം; ഇന്ത്യയിൽ 32 ഒമിക്രോൺ കേസുകൾ
ഇന്ത്യയിൽ 32 ഒമിക്രോൺ കേസുകൾ കണ്ടെത്തിയതായി സ്ഥിരീകരണം. ഇതിൽ ഏഴ് പുതിയ കേസുകൾ മഹാരാഷ്ട്രയിലാണ് കണ്ടെത്തിയത്. പുതിയ വകഭേദം ബാധിച്ചവരുടെ കൂട്ടത്തിൽ മൂന്ന് വയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നു.
‘ആകെ കണ്ടെത്തിയ വകഭേദങ്ങളിൽ 0.04 ശതമാനം മാത്രമാണ് ഒമിക്രോൺ കേസുകൾ. എല്ലാ കേസുകളിലും ലഘുവായ ലക്ഷണങ്ങളാണ് കാണുന്നത്. 2021 ഡിസംബർ 1 മുതൽ 91 രാജ്യാന്തര യാത്രികർക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇവരിൽ 83 പേരും ഹൈ റിസ്‌ക് സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നാണ് എത്തിയത്’- വെള്ളിയാഴ്‌ച നടത്തിയ വാർത്താ സമ്മേളനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ ആണ് വിവരങ്ങൾ പങ്കുവച്ചത്.
ഇതിനിടെ, ജനങ്ങൾ മാസ്‌ക് ഉപയോഗിക്കുന്നത് കുറയുന്നുവെന്ന മുന്നറിയിപ്പും കേന്ദ്രം നൽകി. ‘മാസ്‌ക് ഉപയോഗം കുറഞ്ഞുവരുന്നത് ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഒമിക്രോൺ ഒരാശങ്കയാണ്. വളരെ അപകടസാധ്യത നിറഞ്ഞ ഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. വാക്സീനും മാസ്കുകളും നമുക്ക് പ്രധാനമാണെന്ന് മറന്നുപോവരുത്’– നിതി ആയോഗ് അംഗം ഡോ. വി.കെ.പോൾ പറഞ്ഞു.