കേരളം
മഞ്ഞുമലയിടിഞ്ഞ് ദുരന്തം ഉണ്ടായ ഉത്തരാഖണ്ഡിലെ ചമോലിയിൽ തെരച്ചിൽ തുടരുന്നു
മഞ്ഞുമലയിടിഞ്ഞ് ദുരന്തം ഉണ്ടായ ഉത്തരാഖണ്ഡിലെ ചമോലിയിൽ തെരച്ചിൽ തുടരുന്നു. 26 മൃതദേഹങ്ങൾ ഇതിനോടകം കണ്ടെടുത്തു. ദുരന്തത്തിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി മുഴുവനായും ഒലിച്ചു പോയെന്ന് ഇന്ത്യൻ വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കി. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഉത്തരാഖണ്ഡ് സർക്കാർ 4 ലക്ഷം രൂപയും കേന്ദ്രസർക്കാർ 2 ലക്ഷം രൂപയും പ്രഖ്യാപിച്ചു.
200 ൽ അധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. 35 ഓളം പേരെ ഇതുവരെ രക്ഷപ്പെടുത്തി. ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കാണാതായവരില്‍ ഭൂരിപക്ഷവും എന്ന് ഡിജിപി അശോക് കുമാര്‍ പറഞ്ഞു. മഞ്ഞുമലയിടിച്ചിലിൽ കോടികളുടെ നാശനഷ്ടമാണ് ഉണ്ടായത്.
മൂവായിരം കോടി രൂപയോളം ചെലവഴിച്ച 520 മെഗാവാട്ടിന്റെ തപോവൻ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് എതാണ്ട് പൂർണമായും ഒലിച്ചു പോയി. എൻടിപിസിയുടെ തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിക്കും സാരമായ കേടുപാടുണ്ട്.
ഇവിടെ തുരങ്കത്തിൽ കുടുങ്ങിയ 12 പേരെ ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) രക്ഷിച്ചു. രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാനായി ഡൽഹിയിൽ നിന്നും വായുസേനാ സംഘം പ്രത്യേക വിമാനത്തിൽ ഡെറാഡൂണിൽ എത്തി. ഇവർ ഇന്ന് രാവിലെ തന്നെ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായിട്ടുണ്ട്.
ദുരന്തത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ട ഋഷികേശ് ജാേഷിമഠ് മാനാ റോഡ് ബോർഡർ റോഡ്സ് ഓർഗനെെസേഷൻ ഗതാഗത യോഗ്യമാക്കി. കുത്തൊഴുക്കിൽ അകപ്പെട്ടതായി സംശയിക്കുന്ന 150 പേർ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ദുരന്ത നിവാരണ സേന വ്യക്തമാക്കുന്നു.