Covid 19
ഇന്ത്യയിൽ 20 പേർക്ക് കൊറോണ അതിതീവ്ര വൈറസ് സ്ഥിരീകരിച്ചു
ബ്രിട്ടണില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ജനിതക മാറ്റം വന്ന കോവിഡ് ഇന്ത്യയില്‍ 14 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നുരാവിലെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതോടെ രാജ്യത്ത് കോവിഡിന്റെ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയി.
എന്‍.സി.ഡി.സി ഡല്‍ഹിയില്‍ നടത്തിയ പരിശോധനയില്‍ എട്ട് പേര്‍ക്കും ബെംഗളൂരു നിംഹാന്‍സില്‍ നടത്തിയ പരിശോധനയില്‍ ഏഴ് പേര്‍ക്കും ഹൈദരാബാദ് സി.സി.എം.ബി.യില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്കും പോസിറ്റീവ് ആയി. എന്‍ഐജിബി കൊല്‍ക്കത്ത, എന്‍.ഐ.വി പൂണെ, ഐ.ജി.ഐ.ബി ഡല്‍ഹി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഒരാള്‍ക്ക് വീതവും ജനിതകമാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചു
കോവിഡിനുകാരണമായ സാര്‍സ് കോവ്-2 വൈറസിന്റെ ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ വകഭേദമാണ് ഇവരില്‍ കണ്ടെത്തിയത്.
Also read: ഭീതി ഒഴിഞ്ഞിട്ടില്ല; ജനിതകമാറ്റം സംഭവിച്ചാലും നേരിടാനാകുമെന്ന് ആരോഗ്യമന്ത്രി
ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചവരെ വെവ്വേറെ മുറികളില്‍ പ്രത്യേകം സമ്പര്‍ക്കവിലക്കിലാക്കിയെന്നും സ്ഥിതി ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇവരുമായി സമ്പര്‍ക്കമുണ്ടായ സഹയാത്രികര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
നവംബര്‍ 25-നുശേഷം 33,000 പേരാണ് ബ്രിട്ടനില്‍ നിന്നെത്തിയത്. ഇവരെ മുഴുവന്‍ ആര്‍.ടി.-പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 114 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാംപിളുകള്‍ ജനിതകഘടനാശ്രേണി നിര്‍ണയത്തിനായി രാജ്യത്തെ പത്ത് പ്രമുഖ ലാബുകളുടെ കണ്‍സോര്‍ഷ്യത്തിന് അയച്ചുകൊടുത്തു. അതിലാണ് 20 പേരില്‍ പുതിയതരം വൈറസ് ബാധ കണ്ടെത്തിയത്.
വകഭേദം വന്ന വൈറസിന് പഴയതിനെ അപേക്ഷിച്ച് വ്യാപനശേഷി 70 ശതമാനം കൂടുതലാണ്. ഒരാളില്‍നിന്ന് വളരെവേഗം മറ്റൊരാളിലേക്ക് പകരും. എന്നാല്‍, ഈ ഇനം വൈറസ് കൂടുതല്‍ മാരകമാണെന്നതിന് തെളിവുകളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.
Also read: ജനിതകമാറ്റം മാറ്റം സംഭവിച്ച വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചു
പുതിയ വൈറസ് വകഭേദം ബ്രിട്ടനുപുറമേ ഇന്ത്യ, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്സ്, ഓസ്ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപ്പൂര്‍,യു.എ.ഇ എന്നീ രാജ്യങ്ങളിലാണ് ഇതുവരെ കണ്ടെത്തിയത്.
ബ്രിട്ടനില്‍ പുതിയ വൈറസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ വിദേശത്തുനിന്നുവരുന്നവര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാര്‍ഗരേഖയിറക്കിയിരുന്നു. ബ്രിട്ടനില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിയിട്ടുമുണ്ട്.
അതിനിടെ, ആന്ധ്രപ്രദേശിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിന്ന് യു.കെ കൊവിഡ് വൈറസ് സ്ഥിരീകരിച്ച ഒരു ആഗ്ലോ ഇന്ത്യന്‍ വനിത ചാടിപ്പോയതായി റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞമാസം ബ്രിട്ടണില്‍ നിന്ന് ഒഡീഷയില്‍ എത്തിയ 27 പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 21 വരെ 181 പേരാണ് ഒഡീഷയില്‍ എത്തിയത്. 154 പേരെ കണ്ടെത്താന്‍ കഴിഞ്ഞു. പലരും ഫോണ്‍ നമ്പര്‍ മാത്രമാണ് അധികൃതര്‍ക്ക് നല്‍കിയിരിക്കുന്നത്. വിലാസം അവ്യക്തമാണ്.