ദേശീയം
രാജ്യത്ത് റോഡപകടങ്ങളിൽ 12% വർധനവ്, പ്രധാന കാരണം അമിതവേഗത: റിപ്പോർട്ട്
ഇന്ത്യയിൽ കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ 12% വർധന ഉണ്ടായതായി റിപ്പോർട്ട്. കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തുടനീളമുള്ള അപകടങ്ങൾക്കും മരണങ്ങൾക്കും പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അമിതവേഗതയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2021ൽ 4,12,432 റോഡപകടങ്ങൾ രേഖപ്പെടുത്തിയപ്പോൾ 2022ൽ ഇത് 4,61,312 ആയി ഉയർന്നു. 11.9 ശതമാനം വർധന. റോഡപകടങ്ങളിൽ മരിക്കുന്നവരുടെയും പരിക്കേൽക്കുന്നവരുടെയും എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് മരണങ്ങളിൽ 9.4 ശതമാനവും പരിക്കുകളിൽ 15.3 ശതമാനവുമാണ് വർധിച്ചത്. കഴിഞ്ഞ വർഷം 1,68,491 പേർ മരണപ്പെട്ടപ്പോൾ 4,43,366 പേർക്ക് പരിക്കേറ്റു.
2022ൽ 3.3 ലക്ഷം റോഡപകടങ്ങൾക്ക് കാരണം അമിതവേഗതയാണ്. ശ്രദ്ധക്കുറവ്, മദ്യപിച്ച് വാഹനമോടിക്കൽ, ട്രാഫിക് നിയമലംഘനം എന്നിവയും അപകടങ്ങൾക്ക് കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ട്രാഫിക് ലൈറ്റുകൾ ചാടുന്നത് മൂലമുള്ള അപകടങ്ങളിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട് – 2021-ൽ 2203 ആയിരുന്നത് 2022-ൽ 4021-ലേക്ക് വർധിച്ചു (82.55% വർധനവ്).