ദേശീയം
2021ല്‍ രാജ്യത്ത് ആത്മഹത്യ ചെയ്തത് 1,64,033 പേര്‍; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
2021ല്‍ രാജ്യത്ത് ദിനം പ്രതി 115 ദിവസജോലിക്കാരും 63 വീട്ടമ്മമാരും ആത്മഹത്യ ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. 1,64,033 പേരാണ് രാജ്യത്ത് കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇക്കാര്യം അറിയിച്ചത്.
42,004 ദിവസ വേതനക്കാരും 23,179 വീട്ടമ്മമാരും കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ 20,231, ശമ്പളക്കാര്‍ 15,870, തൊഴില്‍ രഹിതര്‍ 13,714, വിദ്യാര്‍ഥികള്‍ 13,089, ബിസിനസ് ചെയ്യുന്നവര്‍ 12,055, സ്വകാര്യസംരംഭങ്ങളില്‍ ഏര്‍പ്പെട്ടവര്‍ 11,431 എന്നിങ്ങനെയാണ് കണക്കുകള്‍.
കാര്‍ഷിക മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന 10,881 പേരും കര്‍ഷകരായ 5,563 പേരും കര്‍ഷകത്തൊഴിലാളികളായ 5,318 പേരും ആത്മഹത്യ ചെയ്തു. കര്‍ഷകത്തൊഴിലാളികളുടെ സഹായത്തോടുകൂടിയോ അല്ലാതെയോ കൃഷി ചെയ്തിരുന്ന 4,806 പേരും പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന 512 പേരും ജീവനൊടുക്കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.