കേരളം
മുടി മുറിപ്പിച്ചു, താടി വടിപ്പിച്ചു; ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത 11 മലയാളി വിദ്യാർഥികൾ അറസ്റ്റിൽ
വിദ്യാർഥികളെ റാഗ് ചെയ്ത കേസിൽ 11 മലയാളി വിദ്യാർഥികൾ അറസ്റ്റിൽ. മംഗളൂരു ഉള്ളാൾ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മംഗളൂരു ദർളക്കട്ടെ കണച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ നഴ്സിങ്, ഫിസിയോതെറപ്പി വിദ്യാർഥികളാണ് അറസ്റ്റിലായത്.
വടകര പാലയാട് പടിഞ്ഞാറെക്കരയിലെ മുഹമ്മദ് ഷമ്മാസ്, കോട്ടയം അയർക്കുന്നത്തെ റോബിൻ ബിജു, വൈക്കം എടയാറിലെ ആൽവിൻ ജോയ്, മഞ്ചേരി പയ്യനാട്ട് ജാബിൻ മഹ്റൂഫ്, കോട്ടയം ഗാന്ധിനഗർ ജെറോൺ സിറിൽ, പത്തനം തിട്ട മങ്കാരം മുഹമ്മദ് സുറാജ്, കാസർകോട് കടുമേനി ജാഫിൻ റോയിച്ചൻ, വടകര ചിമ്മത്തൂർ ആസിൻ ബാബു, മലപ്പുറം തിരൂരങ്ങാടി മമ്പറം അബ്ദുൽ ബാസിത്, കാഞ്ഞങ്ങാട് ആനന്ദാശ്രമം ഇരിയയിലെ അബ്ദുൾ അനസ് മുഹമ്മദ്, ഏറ്റുമാനൂർ കനകരി കെ.എസ്. അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്.
ജൂനിയറായ അഞ്ച് മലയാളി വിദ്യാർഥികളെ ഇവർ റാഗ് ചെയ്യുകയായിരുന്നു. 11 അംഗ സംഘം ജൂനിയർ വിദ്യാർഥികളുടെ മുടി മുറിപ്പിച്ചതായും താടി വടിപ്പിച്ചതായും പരാതിയിൽ പറയുന്നു. കൂടാതെ ശാരീരികമായി ഉപദ്രവിച്ചതായും കോളജ് മാനേജ്മെന്റിന് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് കോളജ് അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.