ദേശീയം
മഹാരാഷ്ട്രയിൽ 11 പേർ സൂര്യാഘാതമേറ്റ് മരിച്ചു; നൂറോളം പേർ ആശുപത്രിയിൽ
മാഹാരാഷ്ട്രയിൽ സർക്കാർ പരിപാടിക്കെത്തിയ 11 പേർ സൂര്യാഘാതമേറ്റ് മരിച്ചു. നവി മുംബൈയിലെ കാർഗറിൽ വെച്ച് നടന്ന മഹാരാഷ്ട്ര ഭൂഷൺ ദിന ചടങ്ങിൽ പങ്കെടുത്ത 11 പേരാണ് സൂര്യാഘാതമേറ്റ് മരിച്ചത്. ചടങ്ങിൽ പങ്കെടുത്ത നൂറോളം പേർ എംജിഎം കാമോഥെ ആശുപത്രിയിൽ ചികിത്സയിലാണ്.
ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് അപകടമുണ്ടായത്. സാമൂഹിക പ്രവർത്തകൻ അപ്പാസാഹേബ് ധർമ്മാധികാരി എന്ന ദത്താത്രേയ നാരായൺ ധർമ്മാധികാരിയെ ആദരിക്കുന്നതിനാണ് ചടങ്ങ് സംഘടിപ്പിച്ചത്. ലക്ഷക്കണക്കിന് ആളുകൾ ചടങ്ങിന് എത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ധർമ്മാധികാരിയുടെ അനുയായികളും ശിഷ്യന്മാരും ഇതിലുൾപ്പെടുന്നു.
സമ്മേളനം നടന്ന സ്ഥലത്ത് 38 ഡിഗ്രി ചൂട് ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ചടങ്ങിൽ പങ്കെടുത്ത പലർക്കും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിരുന്നു. 125 ഓളം പേർക്ക് തളർച്ചയും നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. രാവിലെ 11:30 ന് ആരംഭിച്ച ചടങ്ങ് ഉച്ചയ്ക്ക് ഒരു മണിക്ക് ആണ് അവസാനിച്ചത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു. സൂര്യാഘാതത്തെ തുടർന്ന് ചികിത്സ തേടിയവരുടെ ആശുപത്രി ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി. അതേസമയം അപകടത്തിൽ സർക്കാരിനെ വിമർശിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രംഗത്തെത്തി. ചികിത്സയിലിരിക്കുന്നവരെ ഞങ്ങൾ സന്ദർശിച്ചിരുന്നു. അഞ്ചിലധികം രോഗികളുമായി സംസാരിച്ചു. രണ്ടു പേർ ഗുരുതരാവസ്ഥയിലാണ്. കൃത്യമായ ആസൂത്രണത്തോട് കൂടിയല്ല അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്. സംഭവം ആര് അന്വേഷിക്കുമെന്നും ഉദ്ദവ് താക്കറെ ചോദിച്ചു.
ഉദ്ദവ് താക്കറെയ്ക്കൊപ്പം മകൻ ആദിത്യ താക്കറെയും എൻസിപി നേതാവ് അജിത് പവാറും എംജിഎം കാമോഥെ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.