കേരളം
കാന ശുചീകരണം; സക്ഷൻ കം ജെറ്റിംഗ് യന്ത്രം വിജയകരമെന്ന് മന്ത്രി പി രാജീവ്
കൊച്ചിയിലെ കനാലുകളിലെ ചെളിയും മാലിന്യവും നീക്കം ചെയ്യാനുള്ള സക്ഷൻ കം ജെറ്റിംഗ് മെഷീൻ വൻ വിജയം കൈവരിച്ചതായി മന്ത്രി പി രാജീവ് പറഞ്ഞു. യന്ത്രത്തിന്റെ പ്രവർത്തനം വിശദീകരിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. യന്ത്രത്തിന്റെ സംഭരണശേഷി 10,000 ലിറ്ററാണെന്നും റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാൻ രാത്രിയിൽ മാത്രമാണ് പ്രവർത്തിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്:
കൊച്ചിയിലെ കാനകളിലെ ചളിയും മാലിന്യവും നീക്കാനുള്ള സക്ഷൻ കം ജെറ്റിങ്ങ് യന്ത്രം വലിയ വിജയം കൈവരിച്ച് മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഈ യന്ത്രവുമായി ബന്ധപ്പെട്ട് എഴുതിയ കുറിപ്പിൽ ഈ മെഷീനിലൂടെ വലിച്ചെടുക്കുന്ന മാലിന്യം എങ്ങനെയാണ് സംസ്കരിക്കുന്നത് എന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ കമൻ്റായി വന്നിരുന്നു. എംജി റോഡിലെ കാനകളിൽ മൂന്നടിയോളം കനത്തിൽ കോൺക്രീറ്റുപോലെ ഉറച്ചുകിടന്ന മാലിന്യം ആദ്യം ജെറ്റിങ്ങ് പ്രോസിലൂടെ ഇളക്കുകയും പിന്നീട് സക്ഷനിലൂടെ യന്ത്രത്തിലേക്ക് വലിച്ചെടുക്കുകയുമാണ്.
യന്ത്രത്തിലേക്ക് വലിച്ചെടുക്കുന്ന ചളിയും മാലിന്യവും ഒരു കാബിനിലേക്ക് വേർതിരിക്കുന്ന മെഷീൻ വെള്ളം ശുചീകരിച്ച് കാനയിലേക്ക് തന്നെ തിരിച്ച് പമ്പ് ചെയ്യും. മെഷീൻ പെട്ടെന്ന് പണിമുടക്കുമോ എന്ന ആശങ്കയും ചിലർ പങ്കുവെക്കുകയുണ്ടായി. ഇത്തരം ആശങ്കകൾ ജനങ്ങളിൽ ഉണ്ടാകേണ്ടതില്ല. അടുത്ത അഞ്ച് വർഷത്തേക്കുള്ള പ്രവർത്തന-പരിപാലന ചുമതല കമ്പനിയിൽ തന്നെ നിക്ഷിപ്തമാക്കിയാണ് സക്ഷൻ ആൻ്റ് ജെറ്റിങ്ങ് യന്ത്രം വാങ്ങിയിട്ടുള്ളത്. 10,000 ലിറ്ററാണ് യന്ത്രത്തിന്റെ സംഭരണശേഷി. രണ്ടര കിലോമീറ്റർ നീളത്തിൽ ഓടകളിലെ മാലിന്യം ചുരുങ്ങിയ ദിവസം കൊണ്ട് നീക്കം ചെയ്യാൻ ഈ യന്ത്രത്തിന് സാധിച്ചിട്ടുണ്ട്.
മുല്ലശേരി കനാൽ നവീകരണത്തിന് സമാന്തരമായി എംജി റോഡിലെ കാനകൾ ശുചീകരിക്കുന്നതോടെ മഴക്കാലത്ത് കൊച്ചിയിലെ വെള്ളക്കെട്ടിന് വലിയ പരിഹാരം കാണാമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. റോഡിൽ ഗതാഗത തടസമുണ്ടാകാത്തവിധം രാത്രി മാത്രമാണ് യന്ത്രം പ്രവർത്തിപ്പിക്കുന്നത്. എംജി റോഡിലെ കാനകളുടെ ശുചീകരണം പൂർത്തിയായാൽ ടൗൺഹാൾ പ്രദേശത്തെ കാനകൾ ശുചീകരിക്കും.