ആരോഗ്യം
കൊവിഡ് പരിശോധന; സംസ്ഥാനത്ത് ഇന്നും നാളെയുമായി രണ്ടര ലക്ഷം പരിശോധന ലക്ഷ്യം
കൊവിഡ് തീവ്രവ്യാപനം തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് മാസ് കൊവിഡ് പരിശോധന തുടങ്ങുന്നു. ഇന്നും നാളെയുമായി രണ്ടരലക്ഷം പേരെ പരിശോധിക്കാനാണ് ലക്ഷ്യം.
ആര്‍ടിപിസിആര്‍ , ആന്‍റിജൻ പരിശോധനകളാണ് നടത്തുക. രോഗ വ്യാപന തീവ്രത കുറയ്ക്കാൻ രോഗ ബാധിതരെ അടിയന്തരമായി കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റണമെന്ന വിദഗ്ധ ഉപദേശം അനുസരിച്ചാണ് മാസ് പരിശോധന.
കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി പേരെ പരിശോധിക്കുകയാണ് ലക്ഷ്യം. പൊതുഗതാഗതം , വിനോദ സഞ്ചാരം, കടകള്‍, ഹോട്ടലുകള്‍, വിതരണ ശൃംഖലയിലെ തൊഴിലാളികള്‍, കൊവിഡ് വാക്സിൻ ലഭിക്കാത്ത 45 വയസിന് താഴെയുള്ളവര്‍ തുടങ്ങി പൊതുസമൂഹവുമായി അടുത്തിടപെഴകുന്ന മേഖലകളിലെ ഹൈ റിസ്ക് വിഭാഗങ്ങളെ കണ്ടെത്തിയാകും പരിശോധന.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പരമാവധിപേരെ പരിശോധനക്ക് വിധേയരാക്കും. രോഗ ലക്ഷണങ്ങളുള്ളവരേയും കണ്ടെത്തി പരിശോധിക്കും. ആശുപത്രികളില്‍ ഓപികളിലെത്തുന്നവര്‍ , കിടത്തി ചികിത്സയിലുള്ളവര്‍ ക്ലസ്റ്ററുകളിലും നിയന്ത്രിത മേഖലയിലും ഉള്ളവര്‍, സ്കൂൾ, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരിലും പരിശോധന നടത്തും.