ആരോഗ്യം
ഓസ്കർ പുരസ്കാര ദാനം നീട്ടി
93-ാം ഓസ്കർ പുരസ്കാര ദാനം നീട്ടി. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് പുരസ്കാര ദാനം ആറ് ആഴ്ചത്തേക്ക് നീട്ടിയത്. 2021 ഫെബ്രുവരി 28ന് തീരുമാനിച്ചിരുന്ന ചടങ്ങ് മാർച്ച് 25ലേക്കാണ് മാറ്റിയത്. സിനിമകൾ ഓസ്കറിനു സമർപ്പിക്കേണ്ട അവസാന തിയതിയും നീട്ടി. 2020 ഡിസംബർ 31നു നിശ്ചയിച്ചിരുന്ന അവസാന തിയതി 2021 ഫെബ്രുവരി 28ലേക്കാണ് നീട്ടിയത്.
കൊറോണ ബാധയെ തുടർന്ന് ലോക വ്യാപകമായി സിനിമാ റിലീസ് മുടങ്ങിയിരുന്നു. ഈ സമയത്ത് റിലീസ് ചെയ്യാനിരുന്ന സിനിമകളുടെ റിലീസ് തിയതിയും നീട്ടിവച്ചിരുന്നു. ഇതാണ് പുരസ്കാര ദാനം നീട്ടി വെക്കാനുള്ള കാരണം. വെർച്വൽ ചടങ്ങാണോ താരങ്ങളെയൊക്കെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പരമ്പരാഗത ചടങ്ങാണോ എന്നത് തീരുമാനമായിട്ടില്ല. തീയറ്റർ റിലീസ് ഇല്ലാതെ ഒടിടി റിലീസ് ചെയ്യുന്ന സിനിമകളും ഇത്തവണ അവാർഡിലേക്ക് സമർപ്പിക്കാം.
മുൻപും പുരസ്കാര ദാന ചടങ്ങ് നീട്ടി വച്ചിട്ടുണ്ട്. 1938ലെ ലോസ് ആഞ്ചലസ് പ്രളയം, 1968ലെ മാർട്ടിൻ ലൂതർ കിംഗ് കൊലപാതകം, 81ലെ റൊണാൾഡ് റീഗൻ വെടിവെപ്പ് എന്നീ അവസരങ്ങളിൽ പുരസ്കാര ദാനം നീട്ടിവച്ചിരുന്നു. എന്നാൽ, ആദ്യമായാണ് ഒരാഴ്ചക്ക് മുകളിൽ ചടങ്ങ് നീട്ടുന്നത്.