ആരോഗ്യം
ശരീരഭാരം കുറയ്ക്കും, കാഴ്ചശക്തി കൂട്ടും ; അറിയാം മുളപ്പിച്ച പയർ കഴിച്ചാലുള്ള മറ്റ് ഗുണങ്ങൾ
മുളപ്പിച്ച പയർ വർഗങ്ങൾ ദിവസവും ഒരു നേരം കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു. അവയിൽ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. മുളപ്പിച്ച പയർവർഗ്ഗങ്ങളിൽ ഏകദേശം 7.6 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്.
നാരുകൾ അടങ്ങിയ ഭക്ഷണം അമിതവണ്ണമുള്ളവർക്കും പ്രമേഹരോഗികൾക്കും മികച്ചതാണ്. നാരുകൾ ദഹനവ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണ്. അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.
ഒരു ബൗൾ മുളപ്പിച്ച പയർവർഗങ്ങളിൽ 0.38 ഗ്രാം കൊഴുപ്പ് മാത്രമേ അടങ്ങിയിട്ടുള്ളൂ. കൊഴുപ്പ് കുറഞ്ഞതും നാരുകളാൽ സമ്പന്നവുമായ ഭക്ഷണങ്ങൾ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും അനുയോജ്യമായ ശരീരഭാരം നിലനിർത്താനും സഹായിക്കുന്നു. മുളപ്പിച്ച പയർവർഗങ്ങൾ എൻസൈമുകൾ ദഹനപ്രക്രിയ സുഗമമാക്കുകയും വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു.
മുളപ്പിച്ച പയർവർഗങ്ങളിൽ വിറ്റാമിൻ എ അടങ്ങിയിരിക്കുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിൽ വിറ്റാമിൻ എ സുപ്രധാന പങ്ക് വഹിക്കുന്നു. മുളപ്പിച്ച പയർവർഗങ്ങൾ ദിവസേന കഴിക്കുന്നത് കാഴ്ച്ച കുറവ്, തിമിരം, മറ്റ് നേത്ര സംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യതയും കുറയ്ക്കുന്നു. ധാരാളം വിറ്റാമിൻ സി അടങ്ങിയ മുളപ്പിച്ച പയർവർഗങ്ങൾ മുടി കൊഴിച്ചിൽ കുറയ്ക്കുകയും തലയോട്ടിയിലെ താരൻ ഒഴിവാക്കുകയും മുടിയുടെ ഘടനയും വളർച്ചയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
മുളപ്പിച്ച പയർവർഗങ്ങൾ കഴിക്കുന്നത് വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളായ സൂക്ഷ്മമായ വരകൾ, പാടുകൾ, ചുളിവുകൾ, പിഗ്മെന്റേഷൻ, അയഞ്ഞ ചർമ്മം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിന് തിളക്കം നൽകുന്നു.
ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് മാത്രമല്ല ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു ഭക്ഷണമാണിത്. പ്രാതലിൽ പയറ് മുളപ്പിച്ചത് ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാൻ സഹായകമാകും