ആരോഗ്യം
പുകവലി ഉപേക്ഷിക്കാനുള്ള ശ്രമമാണോ? ഈ ഭക്ഷണങ്ങള്‍ സഹായകരമാകും
ഓരോ വര്‍ഷവും ലോകത്ത് ദശലക്ഷക്കണക്കിന് പേരുടെ മരണത്തിന് ഇടയാക്കുന്ന ദുശ്ശീലമാണ് പുകവലി. ലോകത്തിലെ പുകവലിക്കാരില്‍ 12 ശതമാനത്തോളം നമ്മുടെ രാജ്യത്താണുള്ളതെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ശ്വാസകോശ അര്‍ബുദം, ഹൃദയാഘാതം ഉള്‍പ്പെടെയുള്ള പല പ്രശ്‌നങ്ങളിലേക്കും നയിക്കുന്ന പുകവലി എത്രയും വേഗം നിര്‍ത്തുന്നോ അത്രയും നല്ലത്. പുകവലി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സഹായകമായ ചില ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഗുരുഗ്രാം മാരെങ്കോ ഏഷ്യ ഹോസ്‌പിറ്റല്‍സിലെ ന്യൂട്രീഷന്‍ ആന്‍ഡ് ഡയബറ്റീസ് സീനിയല്‍ കണ്‍സള്‍ട്ടന്റ് ഡോ. നീതി ശര്‍മ്മ.
1. വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും: ആന്റിഓക്‌സിഡന്റുകളും വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ വിവിധ നിറങ്ങളിലെ പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. ബെറി പഴങ്ങള്‍, സിട്രസ് പഴങ്ങള്‍, പച്ചിലകള്‍, കാരറ്റ് എന്നിവയെല്ലാം കഴിക്കുന്നത് പുകവലി മൂലമുണ്ടായ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സിനെ നേരിടാന്‍ സഹായിക്കും. ശ്വാസകോശത്തില്‍ ഉള്‍പ്പെടെയുള്ള കോശങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനും ഇവ ആവശ്യമാണ്.
2. ഒമേഗ-3 ഫാറ്റി ആസിഡ്: മത്തി, സാല്‍മണ്‍ പോലുള്ള മീനുകള്‍, ഫ്‌ളാക്‌സ് വിത്ത്, വാള്‍നട്ട് എന്നിവയിലെല്ലാം അടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ക്ക് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. ഇവ പുകവലിയുമായി ബന്ധപ്പെട്ട് ശരീരത്തിലുണ്ടായ നീര്‍ക്കെട്ട് പരിഹരിക്കാന്‍ സഹായകമാണ്.
3. നട്‌സും വിത്തുകളും: ബദാം, സൂര്യകാന്തി വിത്ത്, മത്തങ്ങ വിത്ത് എന്നിവയെല്ലാം സ്‌നാക്‌സായി കഴിക്കുന്നതും പുകവലി നിര്‍ത്തുന്നവര്‍ക്ക് ഗുണം ചെയ്യും. ഇവയില്‍ അടങ്ങിയ വൈറ്റമിന്‍ ഇ പുകവലിയാല്‍ ബാധിക്കപ്പെട്ട ചര്‍മ്മാരോഗ്യത്തെ തിരികെ പിടിക്കാന്‍ സഹായിക്കും.
4. ഹോള്‍ ഗ്രെയ്‌നുകള്‍: ക്വിനോവ, ബ്രൗണ്‍ റൈസ്, ഓട്‌സ് എന്നിങ്ങനെയുള്ള ഹോള്‍ ഗ്രെയ്‌നുകളും ഭക്ഷണക്രമത്തില്‍ പരമാവധി ഉള്‍പ്പെടുത്തണം. ഇവ ഊര്‍ജ്ജത്തിന്റെ സുസ്ഥിര പ്രവാഹത്തിന് സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ തോതും പുകവലി നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ആസക്തികളും നിയന്ത്രിക്കാനും ഹോള്‍ ഗ്രെയ്‌നുകള്‍ ആവശ്യമാണ്.
5. ലീന്‍ പ്രോട്ടീനുകള്‍: ചിക്കന്‍, മീന്‍, ടോഫു, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ലീന്‍ പ്രോട്ടീനുകളും ഈയവസരത്തില്‍ ശരീരത്തിന് ആവശ്യമാണ്. പുകവലി നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ശരീരം കടന്നു പോകുന്ന പേശികളുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ ഈ ലീന്‍ പ്രോട്ടീനുകള്‍ സഹായിക്കും.
6. ആവശ്യത്തിന് വെള്ളം: ആവശ്യത്തിന് വെള്ളവും ഹെർബല്‍ ചായയുമൊക്കെ കുടിച്ച് ശരീരത്തിന്റെ ജലാംശം നിലനിര്‍ത്താനും ശ്രദ്ധിക്കേണ്ടതാണ്. പുകവലി നിര്‍ത്തലുമായി ബന്ധപ്പെട്ട് ശരീരത്തിനുണ്ടാകുന്ന ആസക്തികള്‍ നിയന്ത്രിക്കാന്‍ ഇത് സഹായിക്കും.
7. കാല്‍സ്യം ഭക്ഷണങ്ങള്‍: പാലുത്‌പന്നങ്ങള്‍, ഫോര്‍ട്ടിഫൈ ചെയ്‌ത സസ്യാധിഷ്‌ഠിത ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുന്നത് ശരീരത്തിലെ കാല്‍സ്യം തോത് മെച്ചപ്പെടുത്താന്‍ സഹായിക്കും. പുകവലി മൂലം ശരീരത്തില്‍ നിന്ന് നഷ്ടമാകുന്ന കാല്‍സ്യം തോതും എല്ലുകളുടെ ആരോഗ്യവും തിരികെ പിടിക്കാന്‍ ഇതിലൂടെ സാധിക്കും.
8. ഗ്രീന്‍ ടീ: ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുള്ള ഗ്രീന്‍ ടീ ഇടയ്‌ക്ക് കുടിക്കുന്നത് ശരീരത്തിനെ വിഷമുക്തമാക്കാന്‍ സഹായിക്കും. പുകവലിയുടെ ദൂഷ്യവശങ്ങള്‍ ഒരുപരിധി വരെ മറികടക്കാന്‍ ഇതിലൂടെ സാധിക്കും.