ആരോഗ്യം
സംസ്ഥാനത്ത് വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക് ഡൗണ്‍; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
കൊവിഡ് പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി .ഹർജിയില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി . മെയ് ഒന്ന് അര്‍ധരാത്രി മുതല്‍ രണ്ടാം തീയതി അര്‍ധരാത്രി വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നു ഹർജിയില്‍ പറയുന്നു.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനു ശേഷം കൊവിഡ് വ്യാപനം വളരെ രൂക്ഷമാണെന്നും നിയന്ത്രണമില്ലാതെ ആളുകള്‍ കൂട്ടം കൂടിയ സാഹചര്യത്തിലാണ് കൊവിഡ് വ്യാപിച്ചതെന്നും ഹർജിക്കാരന്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങളില്ലെങ്കില്‍ ഫല പ്രഖ്യാപന ദിവസം ജനങ്ങള്‍ കൂട്ടംകൂടുമെന്നും നിലവിലുള്ളതിനേക്കാള്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നും ഹർജിയില്‍ വ്യക്തമാക്കി.
ഹർജിയില്‍ വിശദീകരണം ബോധിപ്പിക്കാന്‍ സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷനെ കേസില്‍ കക്ഷി ചേര്‍ക്കാനും കോടതി ഉത്തരവിട്ടു. കേസ് അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.കൊല്ലം ആസ്ഥാനമായ എയിഡ് എന്ന സംഘടനയുടെ ജോയിൻറ് സെക്രട്ടറി വിനോദ് മാത്യു വിൽസൺ സമർപിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.
വോട്ടെണ്ണൽ ദിനം രാഷ്ട്രീയ പാർട്ടികളുടെ അണികൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സംസ്ഥാനത്തെ തെരുവുകളിലും കുട്ടംകൂടുമെന്നും ഇത് രോഗവ്യാപനം രുക്ഷമാക്കുമെന്നും പൊലിസിന് നടപടിയെടുക്കാനാവാത്ത സാഹചര്യമുണ്ടന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
അതേസമയം ഇന്ന് 10031 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.