ആരോഗ്യം
കേരളത്തിൽ കൂടുതൽ പേർക്കും കോവിഡ് ബാധിക്കുന്നത് വീടുകൾക്കുള്ളിൽ നിന്ന്
സംസ്ഥാനത്ത് കൂടുതൽ പേർക്കും കോവിഡ് ബാധിക്കുന്നത് വീടുകൾക്കുള്ളിൽ നിന്നു തന്നെയെന്നു പഠന റിപ്പോർട്ട്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാകുന്നത്.
ആകെ രോഗം പിടിപെടുന്നവരിൽ 56 ശതമാനം പേർക്ക് രോഗം ബാധിക്കുന്നത് വീടുകൾക്കുള്ളിൽ നിന്നുതന്നെയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
രോഗവുമായി പുറത്തുനിന്നു വരുന്നവരാണ് വീട്ടിൽ കഴിയുന്നവർക്ക് രോഗം നൽകുന്നത്.
20 ശതമാനം പേർക്ക് രോഗം പകരുന്നത് മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിൽ നിന്നും യോഗസ്ഥലങ്ങളിൽ നിന്നുമാണ്. തൊഴിലിടങ്ങളിൽ നിന്നു രോഗം പടരുന്നത് 20 ശതമാനത്തോളം പേർക്കാണ്.
രോഗബാധിതരാകുന്ന 65 ശതമാനം പേരും സാമൂഹിക അകലം പാലിക്കാത്തവരാണ്. 45 ശതമാനം മാസ്ക് ധരിക്കാത്തവർ.
രോഗലക്ഷണമൊന്നുമില്ലാത്തവരിൽ നിന്ന് 30 ശതമാനത്തോളം പേർക്ക് രോഗം പകരുന്നുണ്ട്.
കുട്ടികളിൽ അഞ്ചു ശതമാനം പേർക്ക് വിദ്യാലയങ്ങളിൽ നിന്ന് രോഗം പകരുന്നു. എന്നാൽ 47 ശതമാനം കുട്ടികൾക്കും രോഗം പകരുന്നത് വീടുകളിൽ നിന്നു തന്നെയാണെന്നു പഠനറിപ്പോർട്ടിൽ വ്യക്തമാക്കുന്നു.