ആരോഗ്യം
കൊവിഡ് ചികിത്സക്ക് ആയുർവേദത്തിനും സർക്കാർ അനുമതി
കൊവിഡ് രോഗികൾക്ക് ഇനി മുതൽ ആയുർവേദ ചികിത്സയാകാം. രോഗലക്ഷണം ഇല്ലാത്തവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്കും ആയുർവേദ ചികിത്സയാകാമെന്ന് സർക്കാർ വ്യക്തമാക്കി. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
രോഗികളുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ ആയുർവേദ ചികിത്സ നൽകാവൂ എന്ന് ഉത്തരവിലുണ്ട്. താത്പര്യം ഉള്ളവർക്ക് ആയുർവേദ ചികിത്സനൽകാമെന്ന് കേന്ദ്രസർക്കാർ നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ അലോപ്പതി ഡോക്ടർമാരുടെ എതിർപ്പ് മൂലം നിർദ്ദേശം സംസ്ഥാനത്ത് ഇതുവരെ നടപ്പാക്കിയിരുന്നില്ല.
Read also: ആരോഗ്യ സംരക്ഷണത്തിനായി കേരളത്തിൽ നിന്നും ആയുർവേദ പരബ്രഹ്മ ഇമ്യൂണിറ്റി ബൂസ്റ്റര്‍
കൊവിഡ് പോസിറ്റീവായ,വീട്ടിലോ, സർക്കാർ വക ഫസ്റ്റ്ലൈൻ, അല്ലെങ്കിൽ സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലോ കഴിയുന്നവർക്ക് മരുന്ന് നൽകാം. രോഗിയുടെ സമ്മതത്തോടെ സർക്കാർ ആയുർവേദ സ്ഥാപനത്തിലെ വിദഗ്ധരുടെ മേൽനോട്ടത്തോടെയാണ് നടപ്പാക്കേണ്ടത്. ഇതിന് പ്രത്യേക നോഡൽ ഓഫീസറും ഉണ്ടായിരിക്കണം. കേന്ദ്ര ആയുഷ് വകുപ്പിന്റെ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ ആയുർവേദ കൊവിഡ് റെസ്പോൺസ് സെൽ സമർപ്പിച്ച വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
ആവശ്യമുള്ളവർ തൊട്ടടുത്ത സർക്കാർ, ആയുർവേദ ഡിസ്‌പെൻസറി അല്ലെങ്കിൽ ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് സർക്കാർ അറിയിച്ചു.