ആരോഗ്യം
രാവിലെ വെറുംവയറ്റില്‍ വെണ്ടയ്ക്കയിട്ട് വച്ച വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. വിറ്റാമിന്‍ എ, ബി, സി, ഇ, കെ, കാത്സ്യം, അയേണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. വെണ്ടയ്ക്ക കൊണ്ടുള്ള വിഭവങ്ങള്‍ കഴിക്കുന്നത് പോലെ വെണ്ടയ്ക്ക ഇട്ടുവച്ച വെള്ളം കുടിക്കുന്നതും ഏറെ നല്ലതാണ്. ഇതിനായി നാലോ അഞ്ചോ വെണ്ടയ്ക്ക കീറി രണ്ട് ഗ്ലാസ് വെള്ളത്തില്‍ രാത്രി മുഴുവൻ കുതിര്‍ത്തുവയ്ക്കുക. ശേഷം രാവിലെ ഈ വെണ്ടയ്ക്ക നന്നായി ഞരടി ഇതിലെ കൊഴുപ്പ് വെള്ളത്തിലേയ്ക്ക് പകര്‍ത്തിയെടുത്ത് ഈ വെള്ളം കുടിക്കാം. വേണമെങ്കില്‍, ഇതില്‍ നാരങ്ങാ നീരോ തേനോ ചേര്‍ത്ത് കുടിക്കാം.
രാവിലെ വെറുംവയറ്റില്‍ വെണ്ടയ്ക്കയിട്ട് വച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
നാരുകള്‍ ധാരാളം അടങ്ങിയ വെണ്ടയ്ക്കയിട്ട് വച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഇതൊന്ന് പരീക്ഷിക്കാവുന്നതാണ്.
രണ്ട്…
ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ രാവിലെ വെണ്ടയ്ക്കയിട്ട് വച്ച വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.
മൂന്ന്…
കലോറി കുറവായതിനാലും ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാലും വെണ്ടയ്ക്കയിട്ട് വച്ച വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്.
നാല്…
വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
അഞ്ച്…
നാരുകളാല്‍ സമ്പന്നമായ വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ആറ്…
വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണത്തെ തടയാനും വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് നല്ലതാണ്.
ഏഴ്…
വെണ്ടയ്ക്ക ഇട്ടുവച്ച വെള്ളം തലമുടിയില്‍ പുരട്ടുന്നത് തലമുടി കൊഴിച്ചില്‍ തടയാനും താരന്‍ അകറ്റാനും തിളക്കമുള്ള തലമുടി വളരാനും സഹായിക്കും. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെണ്ടയ്ക്ക ചർമ്മസംരക്ഷണത്തിനും നല്ലതാണ്.