ആരോഗ്യം
കുട്ടികളില്‍ എങ്ങനെ പോഷകങ്ങള്‍ ഉറപ്പിക്കാം?
പോഷകാഹാരക്കുറവ് കുട്ടികളില്‍ കാണുന്ന വലിയൊരു ആരോഗ്യപ്രശ്നം തന്നെയാണ്. പല വിധത്തിലാണ് പോഷകാഹാരക്കുറവ് കുഞ്ഞുങ്ങളെ ബാധിക്കുക. അവരുടെ വളര്‍ച്ച, തലച്ചോറിന്‍റെ പ്രവര്‍ത്തനം, മാനസികാവസ്ഥ, പഠനം, കായികവിനോദങ്ങള്‍ എന്നിങ്ങനെ പല കാര്യങ്ങളിലും ഭക്ഷണത്തിലെ പോരായ്ക കുട്ടികളെ ബാധിക്കും.
എന്നാല്‍ മിക്ക വീടുകളിലും കുട്ടികളുടെ ഭക്ഷണശീലങ്ങളുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ക്ക് പരാതികളേ പറയാനുള്ളൂ. വേണ്ട ഭക്ഷണമൊന്നും കഴിക്കുന്നില്ല, ഹെല്‍ത്തിയായ ഭക്ഷണം കഴിക്കുന്നില്ല, ഇഷ്ടമുള്ളത് മാത്രം മതി, പുറത്തുനിന്നുള്ളത് മതി എന്നിങ്ങനെ പല പരാതികളാണ് ഇവര്‍ക്കുണ്ടാവുക.
ആദ്യം തന്നെ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളാണുള്ളത്. ഒന്ന് കുട്ടികള്‍ക്ക് നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ കൊടുത്ത് തുടങ്ങുമ്പോള്‍ തന്നെ എല്ലാ തരം ഭക്ഷണവും അവരെ ശീലിപ്പിക്കണം. അല്ലാത്തപക്ഷം പിന്നീടത് മാറ്റാൻ വലിയ പ്രയാസമായിരിക്കും.
രണ്ടാമതായി ശ്രദ്ധിക്കാനുള്ളത്, വീട്ടിലെ മുതിര്‍ന്നവരുടെ ഭക്ഷണശീലങ്ങളും ചിട്ടകളുമാണ്. കുട്ടികളിലെല്ലാം ഈ സ്വാധീനം വലിയ രീതിയിലുണ്ടാകും. നിങ്ങള്‍ പുറത്തുനിന്ന് വാങ്ങിക്കുന്ന ഭക്ഷണങ്ങളും പാക്കറ്റ് വിഭവങ്ങളുമെല്ലാം കഴിക്കുമ്പോള്‍ കുട്ടികളോട് വീട്ടിലുണ്ടാക്കിയത് മാത്രമോ, അല്ലെങ്കില്‍ ഹെല്‍ത്തിയായത് മാത്രമോ കഴിക്കാൻ പറഞ്ഞിട്ട് കാര്യമില്ല.
ഇനി കുട്ടികളില്‍ ഏതെല്ലാം പോഷകങ്ങളാണ് നമ്മള്‍ ഉറപ്പിക്കേണ്ടത്? അതിന് എന്തെല്ലാം ഭക്ഷണങ്ങള്‍ നമ്മളവര്‍ക്ക് കൊടുക്കണം എന്നൊക്കെയുള്ള ആശയക്കുഴപ്പങ്ങളാണ് ചില മാതാപിതാക്കള്‍ക്ക്.
പോഷകങ്ങളുടെ കാര്യത്തില്‍ മുതിര്‍ന്നവരെ പോലെ തന്നെയാണ് കുട്ടികളും. മുതിര്‍ന്നവര്‍ക്ക് ആവശ്യമായി വരുന്ന പോഷകങ്ങളെല്ലാം തന്നെ കുട്ടികള്‍ക്കും ആവശ്യമാണ്. അളവില്‍ വ്യത്യാസം വരുമെന്നതേയുള്ളൂ.
വൈറ്റമിനുകള്‍, ധാതുക്കള്‍, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫാറ്റ് എന്നിങ്ങനെ എല്ലാം കുട്ടികള്‍ക്കും ആവശ്യമാണ്. എന്നാല്‍ മധുരം പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതാണ് നല്ലത്. ഉപ്പിന്‍റെ കാര്യത്തിലും അങ്ങനെ തന്നെ. അതുപോലെ ‘സാച്വറേറ്റഡ് ഫാറ്റ്’ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളും കുട്ടികള്‍ക്ക് നല്‍കേണ്ട.
പ്രോട്ടീനിനായി സീഫുഡ്, ലീൻ മീറ്റ്, ചിക്കൻ, മുട്ട, ബീൻസ്, പീസ്, സോയ ഉത്പന്നങ്ങള്‍, ഉപ്പ് ചേര്‍ക്കാതെ വരുന്ന നട്ട്സ്, സീഡ്സ് എന്നിവയെല്ലാം നല്‍കാം. വൈറ്റമിനുകളും ധാതുക്കളുമെല്ലാം ലഭിക്കുന്നതിനായി ധാരാളം പച്ചക്കറികളും പഴങ്ങളും കുട്ടികളെ കഴിപ്പിച്ച് ശീലിപ്പിക്കണം.
ധാന്യങ്ങളാണെങ്കില്‍ അവ പൊടിച്ച്, പ്രോസസ് ചെയ്ത് വരുന്നത് കുട്ടികള്‍ക്ക് കൊടുക്കാതിരിക്കുന്നതാണ് നല്ലത്. മറിച്ച്, നമ്മള്‍ തന്നെ പൊടിക്കുന്നതോ, അല്ലെങ്കില്‍ നുറുക്കിയുള്ളതോ എല്ലാം കൊടുക്കാവുന്നതാണ്.
കൊഴുപ്പ് അധികമടങ്ങാത്ത പാല്‍, പാലുത്പന്നങ്ങള്‍ (തൈര്, ചീസ് പോലത്തെ) എന്നിവയും കുട്ടികളെ ശീലിപ്പിക്കണം.
ആദ്യമേ സൂചിപ്പിച്ചത് പോലെ കൃത്രിമമധുരം ചേര്‍ത്ത ബേക്കറി, പലഹാരങ്ങള്‍, കുപ്പി പാനീയങ്ങള്‍, മറ്റ് വിഭവങ്ങള്‍ എന്നിവയില്‍ നിന്നാണ് കുട്ടികളെ കഴിവതും അകറ്റിനിര്‍ത്തേണ്ടത്. അതുപോലെ ധാരാളം ഉപ്പും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയ വിഭവങ്ങളില്‍ നിന്നും.