Connect with us

കേരളം

ചൂടുകാലത്ത് കരുതലോടെ ആരോഗ്യ വകുപ്പ്

Published

on

കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചില ജില്ലകളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയത്. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി എല്ലാ പി.എച്ച്.സി., സി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടുമാര്‍ക്കും അടിയന്തിര നിര്‍ദേശം നല്‍കാനും ഡി.എം.ഒ.മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൂട് മൂലമുള്ള എന്തെങ്കിലും ആരോഗ്യ പ്രശ്‌നമുള്ളവര്‍ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

സൂര്യാഘാതം

അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യുന്നു. തുടര്‍ന്ന് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം.

ലക്ഷണങ്ങള്‍

വളരെ ഉയര്‍ന്ന ശരീരതാപം, വറ്റി വരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേ തുടര്‍ന്നുള്ള അബോധാവസ്ഥയും സൂര്യാഘാതം മൂലം ഉണ്ടായേക്കാം. ഉടന്‍ തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കേണ്ടതാണ്.

സൂര്യാതപമേറ്റുള്ള താപ ശരീരശോഷണം

സൂര്യാഘാതത്തേക്കാള്‍ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപ ശരീര ശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണ് ഇത്.

ലക്ഷണങ്ങള്‍

ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യാതപത്തിന്റെ ലക്ഷണങ്ങള്‍. ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ താപശരീര ശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.

സൂര്യാഘാതം, താപ ശരീരശോഷണം എന്നിവ ഉണ്ടാകുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍

സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാല്‍ വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക, ഫാന്‍, എ.സി. എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക. ഫലങ്ങളും സാലഡുകളും കഴിക്കുക. ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കണം. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.

പ്രത്യേക ശ്രദ്ധ വേണ്ടവര്‍

പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗം ഉള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

പ്രതിരോധ മാര്‍ഗങ്ങള്‍

വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചക്ക് 12 മണി മുതല്‍ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക. കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

സൂര്യാതപം കൊണ്ടുള്ള മറ്റ് ചില പ്രശ്‌നങ്ങള്‍

കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യാതപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യാം. ഇവര്‍ ഡോക്ടറെ കണ്ട് ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളിയ കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്.

അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടേണ്ടതുമാണ്.

ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്ന ഹീറ്റ് റാഷ് എന്ന അവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ട്. കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version